X

ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന് മുതല്‍

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്മാരെ തേടി ഇന്ന് മുതല്‍ അഞ്ച് നാള്‍ റോസ് ബൗളില്‍ അങ്കക്കലി. ഒരു ഭാഗത്ത് 130 കോടി ജനങ്ങളെ പ്രതിനിധീകരിച്ച് വിരാത് കോലി ഇന്ത്യ. മറുഭാഗത്ത് അഞ്ച് ദശലക്ഷം മാത്രം ജനസംഖ്യയുളള, ദിവസങ്ങള്‍ക്ക് മുമ്പ് എജ്ബാസ്റ്റണില്‍ സാക്ഷാല്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച കെയിന്‍ വില്ല്യംസണിന്റെ കിവീസ്. ആര് ജയിക്കും…? സമകാലിക കരുത്താണ് മാനദണ്ഡമെങ്കില്‍ ഇന്ത്യക്കാണ് മുന്‍ത്തൂക്കം. കോലിയുടെ ഇന്ത്യ തോല്‍വിയറിയാതെ കുതിക്കുന്നവരാണ്. കളിയുടെ എല്ലാ മേഖലയിലും സമഗ്രാധിപത്യത്തിന് ശ്രമിക്കുന്ന സംഘം. പക്ഷേ കിവീസിനെ എഴുതിത്തള്ളുന്നതില്‍ അര്‍ത്ഥമില്ല. ആരെയും ഏത് സാഹചര്യത്തിലും വീഴ്ത്താന്‍ കഴിവുള്ളവരാണവര്‍. ഇന്ത്യ അവസാന പതിനഞ്ചംഗ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നും അന്തിമ ഇലവനെ ഇന്ന് രാവിലെ തെരഞ്ഞെടുക്കും. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരായിരിക്കും ഇന്നിംഗ്‌സിന് തുടക്കമിടുക.

ചേതേശ്വര്‍ പുജാര,. വിരാത് കോലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവര്‍ അടുത്ത സ്ഥാനങ്ങളില്‍ വരും. വിക്കറ്റിന് പിറകില്‍ റിഷാഭ് പന്ത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍, രവിന്ദു ജഡേജ എന്നിവരായിരിക്കും ബൗളിംഗ് ലൈനപ്പില്‍. കിവി സംഘത്തിലെ പ്രധാനി അവരുടെ ബാറ്റിംഗ് ഹീറോയായ നായകന്‍ കാനെ വില്ല്യംസണ്‍ തന്നെ. ടോം ബ്ലെന്‍ഡില്‍, ട്രെന്‍ഡ് ബോള്‍ട്ട്, ഡിവോണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമെ, മാറ്റ് ഹെന്‍ട്രി, കൈല്‍ ജാമിസണ്‍, ടോം ലോതം, ഹെന്‍ട്രി നിക്കോളാസ്, അജാസ് പട്ടേല്‍, ടീം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്നര്‍, ബെ.ജെ വട്‌ലിംഗ്, വില്‍ യംഗ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ഇംഗ്ലീഷ് അമ്പയര്‍മാരായ മൈക്കല്‍ ഗഫ്, റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത് എന്നവരാണ് കളി നിയന്ത്രിക്കുക.

ഇന്ന് വൈകീട്ട് 3-30 മുതലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ ലൈവ്. 22 വരെയാണ് മല്‍സരം. ഏതെങ്കിലും സാഹചര്യത്തില്‍ കളി തടസപ്പെട്ടാല്‍ 23ന് റിസര്‍വ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റ് രംഗത്തെ വിദഗ്ധര്‍ അഞ്ച് നാള്‍ പോരാട്ടത്തെ വിലയിരുത്തുകയാണ്.മൈക്കല്‍ വോന്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍: ഞാന്‍ കിവീസിനൊപ്പമാണ്. ഇങ്ങനെ പറയുമ്പോള്‍ സാമുഹ്യ മാധ്യമങ്ങളിലുടെ ഇന്ത്യന്‍ ഫാന്‍സ് എന്നെ വെറുക്കുമെന്നറിയാം. ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ സമാപിച്ച ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് ഞാന്‍ കിവീസിന് മാര്‍ക്കിടാന്‍ കാരണം. ഉന്നത നിലവാരത്തിലാണ് അവരുടെ ഗെയിം. എത്ര സമയവും പിടിച്ചുനില്‍ക്കും. ബാറ്റിംഗ് നോക്കിയാല്‍ അവര്‍ക്ക് പ്രതികൂല സാഹചര്യങ്ങളില്ല. എത്ര സമയവും ആധികാരികമായി പൊരുതി നില്‍ക്കും. ടെസ്റ്റ് ക്രിക്കറ്റില്‍് ക്ഷമയാണ് പ്രധാനം. ബാറ്റിംഗിലും ബൗളിംഗിലും അത് വേണ്ടുവോളം കിവീസിനുണ്ട്.

സുനില്‍ ഗവാസ്‌ക്കര്‍, മുന്‍ ഇന്ത്യന്‍ നായകന്‍: ഞാന്‍ ഇന്ത്യക്കൊപ്പമാണ്. അതിന് കാരണം പ്രസന്നമായ, ചൂടുള്ള സതാംപ്ടണ്‍ കാലാവസ്ഥയാണ്. ഈ കാലാവസ്ഥയാണ് എല്ലാ ദിവസവുമെങ്കില്‍ പിച്ച് വളരെ പെട്ടെന്ന് പൊളിയാനാണ് സാധ്യത. അത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അവസരമൊരുക്കും.

ക്രെയിഗ് മക്മിലന്‍, മുന്‍ കിവി ക്യാപ്റ്റന്‍: ഇത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. കലാശപ്പരാട്ടത്തില്‍ ആത്മവിശ്വാസമാണ് പ്രധാനം. അവിടെ ഇന്ത്യയെക്കാള്‍ മുന്നില്‍ കിവീസാണ്. അവര്‍ ഇംഗ്ലണ്ടിനെതിരെ ആധികാരികമായാണ് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ അപകടകരമായി കളിക്കുന്നവരാണ്. പക്ഷേ അവരുടെ മേല്‍ അധിക സമ്മര്‍ദ്ദമുണ്ട്.ജോനാഥന്‍ ആഗ്ന്യു, ബി.ബി.സി ക്രിക്കറ്റ് ലേഖകന്‍: ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ നന്നായി പന്തെറിയാന്‍ കഴിയുന്നവരാണ് കിവീ ബൗളര്‍മാര്‍. ഈയിടെയാണ് അവര്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര കളിച്ചത്. അതിനാല്‍ അവരുടെ ബൗളര്‍മാരുടെ പ്രകടനമാണ് പ്രധാനം. കാലാവസ്ഥ പ്രസന്നമാണ്. ഈ സാഹചര്യം ഒരു പക്ഷേ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കും ഉപയോഗപ്പെടുത്താം. കിവീസ് ജയിക്കണമെന്നതാണ് എന്റെ ആഗ്രഹം. പക്ഷേ ജയിക്കുക ഇന്ത്യയായിരിക്കും.

അലിസ്റ്റര്‍ കുക്ക്, മുന്‍ ഇംഗ്ലീഷ് നായകന്‍: ഇംഗ്ലണ്ടിനെതിരെ നേടിയ പരമ്പര വിജയം കിവിസിന് നല്‍കുന്നത് വര്‍ധിത ആത്മവിശ്വാസമാണ്. അതിനാല്‍ എന്റെ വോട്ട് കിവീസിന്. ഒരു കാര്യം പക്ഷേ അവര്‍ ശ്രദ്ധിക്കണം. ടീം സന്തുലിതമായിരിക്കണം.

web desk 3: