Connect with us

News

ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന് മുതല്‍

ഇന്ന് വൈകീട്ട് 3-30 മുതലാണ് മല്‍സരം.

Published

on

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്മാരെ തേടി ഇന്ന് മുതല്‍ അഞ്ച് നാള്‍ റോസ് ബൗളില്‍ അങ്കക്കലി. ഒരു ഭാഗത്ത് 130 കോടി ജനങ്ങളെ പ്രതിനിധീകരിച്ച് വിരാത് കോലി ഇന്ത്യ. മറുഭാഗത്ത് അഞ്ച് ദശലക്ഷം മാത്രം ജനസംഖ്യയുളള, ദിവസങ്ങള്‍ക്ക് മുമ്പ് എജ്ബാസ്റ്റണില്‍ സാക്ഷാല്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച കെയിന്‍ വില്ല്യംസണിന്റെ കിവീസ്. ആര് ജയിക്കും…? സമകാലിക കരുത്താണ് മാനദണ്ഡമെങ്കില്‍ ഇന്ത്യക്കാണ് മുന്‍ത്തൂക്കം. കോലിയുടെ ഇന്ത്യ തോല്‍വിയറിയാതെ കുതിക്കുന്നവരാണ്. കളിയുടെ എല്ലാ മേഖലയിലും സമഗ്രാധിപത്യത്തിന് ശ്രമിക്കുന്ന സംഘം. പക്ഷേ കിവീസിനെ എഴുതിത്തള്ളുന്നതില്‍ അര്‍ത്ഥമില്ല. ആരെയും ഏത് സാഹചര്യത്തിലും വീഴ്ത്താന്‍ കഴിവുള്ളവരാണവര്‍. ഇന്ത്യ അവസാന പതിനഞ്ചംഗ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നും അന്തിമ ഇലവനെ ഇന്ന് രാവിലെ തെരഞ്ഞെടുക്കും. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരായിരിക്കും ഇന്നിംഗ്‌സിന് തുടക്കമിടുക.

ചേതേശ്വര്‍ പുജാര,. വിരാത് കോലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവര്‍ അടുത്ത സ്ഥാനങ്ങളില്‍ വരും. വിക്കറ്റിന് പിറകില്‍ റിഷാഭ് പന്ത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍, രവിന്ദു ജഡേജ എന്നിവരായിരിക്കും ബൗളിംഗ് ലൈനപ്പില്‍. കിവി സംഘത്തിലെ പ്രധാനി അവരുടെ ബാറ്റിംഗ് ഹീറോയായ നായകന്‍ കാനെ വില്ല്യംസണ്‍ തന്നെ. ടോം ബ്ലെന്‍ഡില്‍, ട്രെന്‍ഡ് ബോള്‍ട്ട്, ഡിവോണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമെ, മാറ്റ് ഹെന്‍ട്രി, കൈല്‍ ജാമിസണ്‍, ടോം ലോതം, ഹെന്‍ട്രി നിക്കോളാസ്, അജാസ് പട്ടേല്‍, ടീം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്നര്‍, ബെ.ജെ വട്‌ലിംഗ്, വില്‍ യംഗ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ഇംഗ്ലീഷ് അമ്പയര്‍മാരായ മൈക്കല്‍ ഗഫ്, റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത് എന്നവരാണ് കളി നിയന്ത്രിക്കുക.

ഇന്ന് വൈകീട്ട് 3-30 മുതലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ ലൈവ്. 22 വരെയാണ് മല്‍സരം. ഏതെങ്കിലും സാഹചര്യത്തില്‍ കളി തടസപ്പെട്ടാല്‍ 23ന് റിസര്‍വ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റ് രംഗത്തെ വിദഗ്ധര്‍ അഞ്ച് നാള്‍ പോരാട്ടത്തെ വിലയിരുത്തുകയാണ്.മൈക്കല്‍ വോന്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍: ഞാന്‍ കിവീസിനൊപ്പമാണ്. ഇങ്ങനെ പറയുമ്പോള്‍ സാമുഹ്യ മാധ്യമങ്ങളിലുടെ ഇന്ത്യന്‍ ഫാന്‍സ് എന്നെ വെറുക്കുമെന്നറിയാം. ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ സമാപിച്ച ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് ഞാന്‍ കിവീസിന് മാര്‍ക്കിടാന്‍ കാരണം. ഉന്നത നിലവാരത്തിലാണ് അവരുടെ ഗെയിം. എത്ര സമയവും പിടിച്ചുനില്‍ക്കും. ബാറ്റിംഗ് നോക്കിയാല്‍ അവര്‍ക്ക് പ്രതികൂല സാഹചര്യങ്ങളില്ല. എത്ര സമയവും ആധികാരികമായി പൊരുതി നില്‍ക്കും. ടെസ്റ്റ് ക്രിക്കറ്റില്‍് ക്ഷമയാണ് പ്രധാനം. ബാറ്റിംഗിലും ബൗളിംഗിലും അത് വേണ്ടുവോളം കിവീസിനുണ്ട്.

സുനില്‍ ഗവാസ്‌ക്കര്‍, മുന്‍ ഇന്ത്യന്‍ നായകന്‍: ഞാന്‍ ഇന്ത്യക്കൊപ്പമാണ്. അതിന് കാരണം പ്രസന്നമായ, ചൂടുള്ള സതാംപ്ടണ്‍ കാലാവസ്ഥയാണ്. ഈ കാലാവസ്ഥയാണ് എല്ലാ ദിവസവുമെങ്കില്‍ പിച്ച് വളരെ പെട്ടെന്ന് പൊളിയാനാണ് സാധ്യത. അത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അവസരമൊരുക്കും.

ക്രെയിഗ് മക്മിലന്‍, മുന്‍ കിവി ക്യാപ്റ്റന്‍: ഇത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. കലാശപ്പരാട്ടത്തില്‍ ആത്മവിശ്വാസമാണ് പ്രധാനം. അവിടെ ഇന്ത്യയെക്കാള്‍ മുന്നില്‍ കിവീസാണ്. അവര്‍ ഇംഗ്ലണ്ടിനെതിരെ ആധികാരികമായാണ് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ അപകടകരമായി കളിക്കുന്നവരാണ്. പക്ഷേ അവരുടെ മേല്‍ അധിക സമ്മര്‍ദ്ദമുണ്ട്.ജോനാഥന്‍ ആഗ്ന്യു, ബി.ബി.സി ക്രിക്കറ്റ് ലേഖകന്‍: ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ നന്നായി പന്തെറിയാന്‍ കഴിയുന്നവരാണ് കിവീ ബൗളര്‍മാര്‍. ഈയിടെയാണ് അവര്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര കളിച്ചത്. അതിനാല്‍ അവരുടെ ബൗളര്‍മാരുടെ പ്രകടനമാണ് പ്രധാനം. കാലാവസ്ഥ പ്രസന്നമാണ്. ഈ സാഹചര്യം ഒരു പക്ഷേ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കും ഉപയോഗപ്പെടുത്താം. കിവീസ് ജയിക്കണമെന്നതാണ് എന്റെ ആഗ്രഹം. പക്ഷേ ജയിക്കുക ഇന്ത്യയായിരിക്കും.

അലിസ്റ്റര്‍ കുക്ക്, മുന്‍ ഇംഗ്ലീഷ് നായകന്‍: ഇംഗ്ലണ്ടിനെതിരെ നേടിയ പരമ്പര വിജയം കിവിസിന് നല്‍കുന്നത് വര്‍ധിത ആത്മവിശ്വാസമാണ്. അതിനാല്‍ എന്റെ വോട്ട് കിവീസിന്. ഒരു കാര്യം പക്ഷേ അവര്‍ ശ്രദ്ധിക്കണം. ടീം സന്തുലിതമായിരിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണ തൊഴിലാളികള്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി

ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വലിയ ആശങ്കയുണ്ടാക്കിയ സംഭവമാണ് ട്രാക്കില്‍ മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്.

Published

on

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വലിയ ആശങ്കയുണ്ടാക്കിയ സംഭവമാണ് ട്രാക്കില്‍ മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്. ഇന്ന് രാവിലെ എറണാകുളം ആലപ്പുഴ മെമു ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റിയതിന് ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികളാണ് ഈ മനുഷ്യാവശിഷ്ടം കണ്ടെത്തിയത്. രാവിലെ ഏകദേശം ഒമ്പത് മണിയോടെ എറണാകുളത്ത് നിന്ന് ആലപ്പുഴയില്‍ എത്തിയ മെമു ട്രെയിന്‍ പരിശോധിക്കുമ്പോഴാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിനിന്റെ അടിഭാഗത്ത് എവിടെയെങ്കിലും കുടുങ്ങിയ നിലയില്‍ നിന്ന് ട്രാക്കിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്നു റെയില്‍വേ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു.
രണ്ടുമുതല്‍ മൂന്നുദിവസം പഴക്കമുള്ളതായാണ് കണ്ടെത്തിയ അവശിഷ്ടത്തെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍. ആലപ്പുഴ,കൊല്ലം,കോട്ടയം,ഷോര്‍ണൂര്‍,എറണാകുളം,ആലപ്പുഴ എന്നിങ്ങനെ പല ജില്ലകളിലൂടെയും സര്‍വീസ് നടത്തുന്ന മെമു ട്രെയിനാണിത്. അതിനാല്‍ മനുഷ്യാവശിഷ്ടം മറ്റ് ജില്ലകളില്‍ നടന്ന അപകടത്തിന്റെ ഭാഗമായിരിക്കാമെന്ന സാധ്യതയും ഒഴിവാക്കിയിട്ടില്ല. വിവിധ ജില്ലകളുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണം പൊലീസ് ആരംഭിച്ചു. മൃതശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ ട്രാക്കില്‍ എവിടെയെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുകയാണ്. തിരിച്ചറിയലിന് ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

മുസ്‌ലിംലീഗ് നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത; കുപ്രചാരണങ്ങള്‍ തള്ളിക്കളയണം; ഉമര്‍ പാണ്ടികശാല, ഷാഫി ചാലിയം

രാജിഭീഷണി മുഴക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും മുസ്ലിംലീഗ്

Published

on

രാജിഭീഷണി മുഴക്കിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും കുപ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം എന്നിവര്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കും. അതിന്റെ പേരില്‍ നേതാക്കളെ ഇകഴ്ത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. പതിനെട്ടാം വയസ്സില്‍ എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് യൂത്ത് ലീഗ്, മുസ്ലിംലീഗ് തുടങ്ങി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച ഞാന്‍ അവസാന ശ്വാസം വരെ ഈ പാര്‍ട്ടിക്കൊപ്പമുണ്ടാകും. തല്‍പരകക്ഷികള്‍ ദുരുദ്ദേശ്യപരമായി നടത്തുന്ന കുപ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുതെന്ന് ഉമര്‍ പാണ്ടികശാല വ്യക്തമാക്കി. സി.പി.എമ്മില്‍ പോയവര്‍ക്ക് വേണ്ടി രാജിവെക്കാന്‍ ഞങ്ങള്‍ മണ്ടന്മാരല്ലെന്ന് ഷാഫി ചാലിയം പറഞ്ഞു.

Continue Reading

kerala

വാഗമണ്‍ മയക്കുമരുന്ന് വേട്ട: എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ സഹിതം രണ്ടു പേര്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍.

Published

on

വാഗമണ്‍: വാഗമണ്ണില്‍ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയും തുടര്‍ന്ന് ഹോട്ടല്‍ റെയ്ഡും ഫലപ്രദമായി. എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ സഹിതം രണ്ടു പേര്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ റഹിമാന്‍ ബസാര്‍ സ്വദേശിയായ മുഹമ്മദ് ഫവാസ് (32), കോഴിക്കോട് ചെനപറമ്പ് സ്നേഹസൗധം വീട്ടില്‍ ശ്രാവണ്‍ താര (24) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച നടന്ന വാഹനപരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് 50.50 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 5 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വാഗമണ്‍ വാഗാനക്ഷത്ര സ്യൂട്ട് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 2.065 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 3,75,000 പണവും കൂടി കണ്ടെത്തി. 2025 നവംബര്‍ 11ന് ആലപ്പുഴ അരൂരില്‍ വച്ച് 430 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ശ്രീമോന്റെ ഭാര്യയാണ് ശ്രാവണ്‍ താര. ശ്രീമോന്‍ നിലവില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലാണ്. മുഹമ്മദ് ഫവാസിനെതിരെയും നിരവധി മയക്കുമരുന്നുകടത്ത് കേസുകള്‍ നിലവിലുണ്ടന്ന് എക്സൈസ് അറിയിച്ചു.

ആലപ്പുഴയിലെ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്നതിനാലാണ് ഇവര്‍ വാഗമണ്ണില്‍ എത്തിയതെന്നാണ് എക്സൈസ് സംഘം കണ്ടത്തിയത്. പ്രതികള്‍ക്കെതിരെ പീരുമേട് എക്സൈസ് റേഞ്ച് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്പെക്ടര്‍ മിഥുന്‍ വിജയിയുടെ നേതൃത്വത്തിലുള്ള പീരുമേട് എക്സൈസ് റേഞ്ചും സര്‍ക്കിള്‍ ഓഫീസും സംയുക്തമായി പരിശോധന നടത്തി. ഡെപ്യൂത്തി എക്സൈസ് കമ്മിഷണര്‍ പ്രിന്‍സ് ബാബു, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പ്രദീപ് കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജ് എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

 

Continue Reading

Trending