Connect with us

india

”’തോബ്, ഗുത്റ, ഇഗാല്‍; ലോകകപ്പ് ആരാധകര്‍ ആവേശത്തോടെ ഖത്തരികളാവുമ്പോള്‍

ശിരോവസ്ത്രം മൊത്തത്തില്‍ മരുഭൂമിയിലെ സൂര്യനില്‍ നിന്നുള്ള ചൂട് അകറ്റാന്‍ സഹായിക്കുമെന്നാണ് പരമ്പരാഗത വിശ്വാസം

Published

on

അശ്റഫ് തൂണേരി/ദോഹ:

കളിയാരാധകരുടെ ആവേശം കാണാനായി കഴിഞ്ഞ ദിവസം സൂഖ് വാഫിഖ് മെട്രോ സ്റ്റേഷനില്‍ വന്നിറങ്ങിയത് അര്‍ധരാത്രിയോടെ. സൂഖിലേക്ക് കയറാനുള്ള എസ്‌കലേറ്ററിനടുത്തുള്ള ഒരു തുണിക്കടയുടെയടുത്തെത്തിയപ്പോഴാണ് തിരക്ക് ശ്രദ്ധയില്‍പെട്ടത്. പല നിറങ്ങളില്‍ ഖത്തരി വസ്ത്രങ്ങള്‍. ബ്രസീലും അര്‍ജന്റീനയും മെക്സിക്കോയും ജപ്പാനും അമേരിക്കയും ഫ്രാന്‍സുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഖത്തരികള്‍ ധരിക്കുന്ന മുഴുക്കുപ്പായമായ തോബ്, തലയില്‍ കെട്ടുന്ന ഗുത്റ, ഖഹ്ഫിയ്യ എന്നറിയപ്പെടുന്ന തൊപ്പി, ഗുത്റക്ക് മുകളില്‍ ചാര്‍ത്തുന്ന ഇഗാല്‍. വിവിധ ദേശക്കാരായ ഫുട്ബോള്‍ ആരാധകര്‍ തിക്കും തിരക്കും കൂട്ടുന്നത് കാണാം. ചെന്ന് ഇഗാലിനും ഗുത്റക്കും വിലയന്വേഷിച്ചു.

കണ്ണട വെച്ച് ഗൗരവക്കാരനായ മുതലാളിയെന്ന് തോന്നിച്ചയാള്‍ പറഞ്ഞു: 99 റിയാല്‍. തൊട്ടടുത്ത് നിന്ന് വസ്ത്രമെടുത്ത് നോക്കുന്ന വെളുത്ത് കുറിയ മധ്യവയസ്‌കന്‍ ചിരിച്ചു. മറുചിരിയില്‍ ഞങ്ങള്‍ ഫുട്ബോള്‍ ആരാധകര്‍ മാത്രമായി. ബ്രസീലില്‍ നിന്നാണ്. പേര് കാര്‍ലോസ് ലൈസ്. ‘ഇത് വളരെ മനോഹരമായ വസ്ത്രമായി തോന്നി, ഇന്നലെ ഒരു അര്‍ജന്റീനിയന്‍ സുഹൃത്ത് ഇതുമിട്ട് ലുസൈല്‍ സ്റ്റേഡിയത്തില്‍ വന്നിരുന്നു. അത് കണ്ടപ്പോള്‍ മുതല്‍ വാങ്ങാന്‍ തോന്നിയതാണ്.” ഇംഗ്ലീഷ് അത്ര വശമില്ലാത്തതിനാല്‍ കൂട്ടുകാരി അന്റേണിക്കയാണ് കാര്‍ലോസിനെ പൂരിപ്പിച്ചത്. ഇഗാലും ഗുത്റയുമടങ്ങുന്ന രണ്ട് പാക്കുകള്‍ റിയാല്‍ കൊടുത്ത് വാങ്ങി അവര്‍ സ്ഥലം വിട്ടു. അവര്‍ക്കൊപ്പം സൂഖിലേക്ക് പോയപ്പോള്‍ നേരെ ചെന്നത് ഇത്തരം വസ്ത്രങ്ങള്‍ വില്‍ക്കുന്നിടത്തേക്ക് തന്നെ. അവിടേയും തിരക്ക്. ലോകകപ്പിനെത്തിയ യൂറോപ്പിലേയും പടിഞ്ഞാറന്‍ രാജ്യങ്ങളിലേയും ആരാധകരാണ് കൂടുതലായി ഇതന്വേഷിച്ചെത്തുന്നതെന്ന് പരമ്പരാഗത വസ്ത്രവില്‍പ്പനക്കാരന്റെ മൊഴി. സൂഖിലുള്ള ഖത്തരി വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പലതിലും തിരക്കുണ്ട്. വിവിധ വിലയിലും ഗുണനിലവാരത്തിലുമുള്ള ഇത്തരം വസ്ത്ര ഉത്പന്നങ്ങള്‍ക്ക് 100 ഖത്തര്‍ റിയാല്‍ മുതല്‍ 800 ഖത്തര്‍ റിയാല്‍ വരെയാണ് വിലയെന്ന് ഒരു സെയില്‍സ്മാന്‍ പറഞ്ഞു.

കയര്‍ എന്നര്‍ത്ഥം വരുന്ന ഇഗാല്‍ പരമ്പരാഗത അറബ് ശിരോവസ്ത്രത്തിന്റെ ഭാഗമാണ്. ഗുത്രയെന്ന തലേക്കെട്ടിന് മുകളില്‍ ഖഹ്ഫിയ്യ എന്ന മലയാളികള്‍ തുര്‍ക്കിത്തൊപ്പിയെന്ന് വിളിക്കുന്ന തൊപ്പിക്കും മുകളിലാണ് ഇഗാല്‍ ഉപയോഗിക്കുന്നത്. ശിരോവസ്ത്രം മൊത്തത്തില്‍ മരുഭൂമിയിലെ സൂര്യനില്‍ നിന്നുള്ള ചൂട് അകറ്റാന്‍ സഹായിക്കുമെന്നാണ് പരമ്പരാഗത വിശ്വാസം. പുരാതന പാരമ്പര്യത്തിന്റെ ഭാഗമാണ്. തലയിലിടുന്ന ഗുത്റയ്ക്ക് സാധാരണയായി വെള്ള നിറമാണ്. എന്നാല്‍ ചുവപ്പും വെള്ളയും കലര്‍ന്ന ഗുത്റ ധരിക്കുന്നവരുമുണ്ട്. ഗുത്റ കാറ്റില്‍ പറന്നുപോകാതിരിക്കാനാണ് ഇഗാല്‍. ഇഗാല്‍ പരുത്തിയുടെ ഒരു കട്ടിയുള്ള വളയമാണ്. അതിന് ചുറ്റും നൂലോ ചരടോ കെട്ടിയിട്ടുണ്ടാവും. എല്ലാ ഇഗാലുകളും മിക്കവാറും സമാനമാണ്. പ്രധാന വ്യത്യാസം ഉപയോഗിക്കുന്ന നൂലിലായിരിക്കും. നൈലോണ്‍, കോട്ടണ്‍ അല്ലെങ്കില്‍ ആടുകളുടെയും ഒട്ടകത്തിന്റെയും രോമങ്ങള്‍. മികച്ച ഇഗാല്‍ ആട്ടിന്‍ രോമങ്ങള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്.

തുര്‍ക്കി, ബ്രസീല്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് മിക്കവയും. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ഏറ്റവും മികച്ച ചെമ്മരിയാടുകളുടെ മുടി വരുന്നത്.
ദോഹയിലെ തിരക്കിനിടയില്‍ ഗുത്റയും ഇഗാലും ധരിച്ചു നടക്കുകയായിരുന്ന ആജാനുബാഹുവായ കറുത്ത സുന്ദരനെ അടുത്തെത്തിയപ്പോള്‍ കൈകൊടുത്ത് പരിചയപ്പെട്ടു. വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നാണ്. പേര് സെബാസ്റ്റ്യന്‍. ”അറബികള്‍ തങ്ങളുടെ ചരിത്രപരമായ വസ്ത്രധാരണരീതി ഏറെ അഭിമാനത്തോടെ നിലനിര്‍ത്തുന്നു. ഇവിടെയെത്തുമ്പോള്‍ അതൊന്ന് പരിശോധിക്കുന്നതില്‍ ആഹ്ലാദമുണ്ട്”- സെബാസ്റ്റ്യന്‍ പറഞ്ഞുകഴിയുമ്പോഴേക്കും മുശൈരിബ് ഡൗണ്‍ടൗണിലെ ട്രാം അതുവഴി കടന്നുപോയി. ഞങ്ങള്‍ രണ്ടു വഴികളിലേക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് എഫ്.ബി

ട്വിറ്ററിലാണ് അദ്ദേഹം പഠനം പോസ്റ്റ് ചെയ്തത്.

Published

on

ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമം ഫേസ്ബുക്കാണെന്നും യൂട്യൂബാണ് കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പെന്നും സാമൂഹ മാധ്യമ കണ്‍സള്‍ട്ടന്‍റും ഇന്‍റസ്ട്രി അനലിസ്റ്റുമായ മാറ്റ് നവാരരാ. ട്വിറ്ററിലാണ് അദ്ദേഹം പഠനം പോസ്റ്റ് ചെയ്തത്.

 

ലോകത്തേറ്റവും പേര്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളില്‍ യൂട്യൂബ് രണ്ടും വാട്‌സ്‌ആപ്പ് മൂന്നും സ്ഥാനങ്ങളിലുണ്ടെന്നും വിവിധ പഠനങ്ങള്‍ അടിസ്ഥാനമാക്കി തയാറാക്കിയ ചാര്‍ട്ടില്‍ പറഞ്ഞു.2958 മില്യണ്‍ പേര്‍ എഫ്.ബി ഉപയോഗിക്കുമ്ബോള്‍ 2514 മില്യണ്‍ ജനങ്ങളാണ് യൂട്യൂബ് ഉപയോഗിക്കുന്നത്.

വാട്‌സ്‌ആപ്പ് -2000 മില്യണ്‍, ഇന്‍സ്റ്റഗ്രാം-2000 മില്യണ്‍, വീ ചാറ്റ്-1309 മില്യണ്‍, ടിക്‌ടോക്-1051 മില്യണ്‍, എഫ്.ബി മെസഞ്ചര്‍ -931 മില്യണ്‍, ഡോയിന്‍-715, ടെലഗ്രാം -700 മില്യണ്‍, സ്‌നാപ്പ് ചാറ്റ്-635 മില്യണ്‍, കുയിഷൗ -626 മില്യണ്‍, സിനാ വെയ്‌ബോ-584 മില്യണ്‍, ക്യൂക്യൂ-574 മില്യണ്‍, ട്വിറ്റര്‍ -556 മില്യണ്‍, പിന്‍ടെറെസ്റ്റ്-445 മില്യണ്‍ എന്നിങ്ങനെയാണ് ഇതര ആപ്പുകളുടെ ഉപയോഗമെന്നും അദ്ദേഹം പുറത്തുവിട്ട ചാര്‍ട്ടില്‍ പറഞ്ഞു.കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പ് വര്‍ഷങ്ങളായി യൂട്യൂബാണെന്നും മാറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആഗോള തലത്തില്‍ 2020, 21, 22 കാലയളവില്‍ യൂട്യൂബാണ് ഒന്നാം സ്ഥാനത്തുള്ളത്. 67, 60, 63 എന്നീ ശതമാനം കുട്ടികളാണ് വീഡിയോ കാണാന്‍ വിവിധ വര്‍ഷങ്ങളില്‍ യൂട്യൂബ് ഉപയോഗിച്ചത്

Continue Reading

india

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊന്നു

വാഹനത്തില്‍ കുടുങ്ങിയ വാരിഷെയെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.

Published

on

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനെതിരെയുള്ള സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തി. മറാത്തി പത്രമായ ‘മഹാനഗരി ടൈംസ്’ ലേഖകന്‍ ശശികാന്ത് വാരിഷെ (48)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പന്താരിനാഥ് അംബേര്‍കര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

എണ്ണ ശുദ്ധീകരണശാലക്ക് എതിരെ സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയതിന് നിലവില്‍ കേസുള്ളയാളാണ് അംബേര്‍ കാര്‍. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ വെളിപ്പെടുത്തി തിങ്കളാഴ്ച ശശികാന്ത് വാരിഷേയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ ഷിന്‍ഡെ, ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോയും നല്‍കിയിരുന്നു. തിങ്കളാഴ്ച രജാപുര്‍ ദേശീയ പാതക്ക് അടുത്തുള്ള പെട്രോള്‍ പമ്ബില്‍ വാരിഷെ തന്റെ സ്കൂട്ടിയില്‍ ഇരിക്കുമ്ബോള്‍ ജീപ്പില്‍ വന്ന അംബേര്‍കര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വാഹനത്തില്‍ കുടുങ്ങിയ വാരിഷെയെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.

നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് അംബേര്‍കര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്. കൊലപാതകത്തിന് കേസെടുക്കണമെന്ന് നാട്ടുകാരും താക്കറെ പക്ഷ ശിവസേന എംപി വിനായക് റാവുത്തും ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് റാവുത്ത് പറഞ്ഞു.

Continue Reading

india

ഹൈക്കോടതി കോഴക്കേസ് : അഡ്വ. സൈബി ജോസിന് പണം നല്‍കിയ സിനിമാ നിര്‍മ്മാതാവിനെ ചോദ്യം ചെയ്തു

തിങ്കളാഴ്ച കൊച്ചിയില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. 

Published

on

ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന അഡ്വ. സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന കേസില്‍ നിര്‍മ്മാതാവിനെയും ഭാര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.തിങ്കളാഴ്ച കൊച്ചിയില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.  ജഡ്ജിക്ക് നല്‍കാന്‍ സൈബി നിര്‍മാതാവില്‍ നിന്ന് പണം കൈപ്പറ്റിയെന്നായിരുന്നു കേസ്.

കേസിലെ ജാമ്യ നടപടികളില്‍ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സൈബി നിര്‍മ്മാതാവില്‍ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. ഈ കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിര്‍മ്മാതാവ്. അതേസമയം പണം വാങ്ങിയത് ഫീസിനത്തിലാണെന്നാണ് സൈബിയുടെ വിശദീകരണം. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹരജി ഫയല്‍ ചെയ്തിരുന്നു. ഒരുവിഭാഗം അഭിഭാഷകരുടെ വ്യക്തിവൈരാഗ്യമാണ് കേസിന് പിന്നിലെന്നാണ് സൈബിയുടെ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതും പുറത്തുവരട്ടെയെന്ന് സിംഗിള്‍ബെഞ്ച് പറഞ്ഞു.

Continue Reading

Trending