മാഡ്രിഡ്: പി.എസ്.ജി താരം നെയ്മര്‍ തിരിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബാര്‍സലോണ. നെയ്മറിന്റെ പിതാവ് ബാര്‍സയിലെ ഉന്നത കേന്ദ്രങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന വാര്‍ത്തകള്‍ ക്ലബ്ബ് നിഷേധിച്ചു. നെയ്മറിന്റെ പിതാവ് ഫോണില്‍ സംസാരിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും ബ്രസീല്‍ താരം ക്ലബ്ബ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ബാര്‍സലോണ വക്താവ് ജോസപ് വിവസ് പറഞ്ഞു.

‘നെയ്മര്‍ വിട്ടുപോയത് അദ്ദേഹത്തിന്റെ മാത്രം തീരുമാനപ്രകാരമാണ്. അക്കാര്യത്തില്‍ അതുമാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. മറ്റു ക്ലബ്ബുകളുമായി കരാറുള്ള കളിക്കാരെപ്പറ്റി ഞങ്ങള്‍ സംസാരിക്കാറില്ല. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ആരും ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല.’ – വിവസ് പറഞ്ഞു.

നെയ്മറിന്റെ തിരിച്ചുവരവില്‍ ബാര്‍സ ക്യാപ്ടന്‍ ലയണല്‍ മെസ്സിക്ക് താല്‍പര്യമുണ്ടെന്നും പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുംമുമ്പ് താരം നൗകാംപിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് താരത്തിന്റെ പിതാവ് ബാര്‍സ അധികൃതരുമായി ഫോണില്‍ സംസാരിച്ചുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.