മോസ്‌കോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. ലോകകപ്പിലെ ആദ്യമത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനെതിരെ അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു മുന്‍ജേതാക്കളായ ബ്രസീല്‍. മത്സരത്തില്‍ നെയ്മറിനെ സ്വിസ് താരങ്ങള്‍ നിരന്തരം ഫൗളും ചെയ്തിരുന്നു. പിന്നീട് അടുത്ത മത്സരത്തിനായി ചൊവ്വാഴ്ച പരിശീലനം നടത്തിയ ബ്രസീല്‍ ടീമില്‍ നെയ്മറുമുണ്ടായിരുന്നില്ല. തുടര്‍ന്ന് കാലിന് പരിക്കേറ്റാണ് താരം വിട്ടുനിന്നതെന്നും കോസ്റ്റാറിക്കെതിരെ അടുത്ത മത്സരം കളിക്കില്ലയെന്നുമുള്ള ശക്തമായ വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി ഫെഡറേഷന്‍ തന്നെ രംഗത്തെത്തിയത്.

ബുധാനാഴ്ച പരിശീലനം നടത്തിയ ബ്രസീല്‍ ടീമില്‍ നെയ്മറുമുണ്ടായിരുന്നു എന്നാണ് ഫെഡറേഷന്‍ പറയുന്നത്. ഫെഡറേഷന്‍ നെയ്മര്‍ പരിശീലനം നടത്തുന്ന ഫോട്ടോകളും വീഡിയോയും ട്വിറ്ററിലൂടെ പുറത്ത് വിട്ടു. നെയ്മര്‍ ബ്രസീലിനൊപ്പം ദിവസം മുഴുവന്‍ പരിശീലനം നടത്തിയെന്നും യാതൊരു വിധത്തിലുള്ള പരിക്കുകളും അദ്ദേഹത്തെ ഇപ്പോള്‍ അലട്ടുന്നില്ലെന്നും ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. ഇതോടെ നെയ്മര്‍ അടുത്ത മത്സരം കളിക്കില്ലയെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമായി. നേരത്തെ ഫ്രെഞ്ച് ലീഗ് മത്സരത്തിനിടെ വലത് കാല്‍പ്പാദത്തിന്പരിക്കേറ്റ നെയ്മര്‍ അതേ പാദമുപയോഗിച്ച് പന്ത് തട്ടുന്ന ഫോട്ടോകളും കൂട്ടത്തിലുണ്ട്.

 

ആദ്യമത്സരത്തില്‍ ടീം സമനില വഴങ്ങിയത് ബ്രസീല്‍ ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. പിന്നീട് നെയ്മറിന്റെ പരിക്കിന്റെ വാര്‍ത്തകൂടി പുറത്തുവന്നതോടെ വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്ന ആരാധകര്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ വാര്‍ത്തകള്‍. നാളെ ഇന്ത്യന്‍ സമയം വൈകീട്ട 5.30നാണ് കോസ്റ്റാറിക്കയ്‌ക്കെതിരെയുള്ള ബ്രസീലിന്റെ ഗ്രൂപ്പിലെ രണ്ടാം മത്സരം.