ഭോപാല്‍: സിമി തടവുകാര്‍ ജയില്‍ ചാടിയ സംഭവം എന്‍.ഐ.എ അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ജയിലിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജയില്‍ ചാടിയവരെ വെടിവെച്ച് കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെ ശിവരാജ് സിങ് ചൗഹാന്‍ അഭിനന്ദിച്ചു.

തന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത കാര്യം ചൗഹാന്‍ വ്യക്തമാക്കിയത്. ഡി.ഐ.ജി, പൊലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട്, ചീഫ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി സംസാരിച്ച ശേഷമാണ് എന്‍.ഐ.എ അന്വേഷണം ഏര്‍പ്പെടുത്തുന്നതെന്ന് ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ‘ഈ ഭീകരര്‍ സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിനാകമാനം തന്നെ ഭീഷണിയായായിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി സംസാരിക്കുകയും എന്‍.ഐ.എ അന്വേഷണം നടത്താന്‍ ഉത്തരവിടാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.’