X

പ്രളയം, ഹര്‍ത്താല്‍ അക്രമം; മുഖ്യമന്ത്രിയുടെ ഉത്തരം കാത്ത് 87 ചോദ്യങ്ങള്‍

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: 14ാം നിയമസഭയുടെ പതിനാലാം സമ്മേളനം അവസാനിച്ചിട്ട് നാലു മാസം കഴിഞ്ഞിട്ടും നിയമസഭ സാമാജികരുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരമില്ലാതെ മുഖ്യമന്ത്രി. 14ാം സമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് ഉന്നയിക്കപ്പെട്ട 87 ചോദ്യങ്ങളാണ് ഇനിയും ഉത്തരമില്ലാതെ കിടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പ്രളയദുരിതാശ്വാസം, ശബരിമല ഹര്‍ത്താല്‍ അക്രമം എന്നിവ സംബന്ധിച്ചാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങളാണ് ഇതില്‍ പലതും. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പുറമെ ഭരണ കക്ഷി അംഗങ്ങളുടെ പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി ഉത്തരം നല്‍കാനുണ്ട്. മുഖ്യമന്ത്രിയെ ‘മാതൃക’യാക്കി മറ്റു മന്ത്രിമാരും സഭയിലെ ചോദ്യങ്ങളില്‍ പലതിനും ഉത്തരം നല്‍കാതെ വൈകിപ്പിക്കുന്ന സാഹചര്യമുണ്ട്. ഈ മാസം 27നാണ് സഭയുടെ 15ാം സമ്മേളനം തുടങ്ങുന്നത്.

ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ് മുഖ്യമന്ത്രി മറുപടി അനന്തമായി വൈകിപ്പിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പിന്‍വലിച്ച ക്രിമിനല്‍ കേസുകളുടെ വിവരം, മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയുള്ള നടപടികള്‍, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍, ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള നടപടികള്‍, ഹര്‍ത്താല്‍ നാശനഷ്ടം, ടി.പി വധക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ട പരോള്‍ വിവരങ്ങള്‍, ഉമ്മന്‍ചാണ്ടിക്കെതിരായ അക്രമണം, പൊലീസുകാരെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ച സംഭവം, തിരുവനന്തപുരം എസ്ബിഐ ട്രഷറിയിലെ ഇടത് നേതാക്കളുടെ ആക്രമണം, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ വിവരങ്ങള്‍…മുഖ്യമന്ത്രിയില്‍ നിന്ന് കഴിഞ്ഞ സഭ സമ്മേളനത്തില്‍ ചോദിച്ച ഈ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടി ഉണ്ടായിട്ടില്ല.

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി ഇനിയും മറുപടി നല്‍കിയിട്ടില്ല. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ലഭിച്ച സംഭാവന, പ്രളയത്തില്‍ തകര്‍ന്ന് വീടുകളുടെ നിര്‍മാണം, വിദേശ രാജ്യങ്ങളില്‍ ലഭിച്ച സാമ്പത്തിക സഹായ കണക്ക്, സാലറി ചലഞ്ച്, ദുരിതാശ്വാസ നിധിയിലെ ക്രമക്കേടുകള്‍, ദുരിതാശ്വാസ നിധിയുടെ ജില്ല തിരിച്ചുള്ള കണക്ക്, കേരളത്തിലെ പ്രളയ സാധ്യത മേഖലകള്‍, പ്രളയക്കെടുതി നാശനഷ്ടങ്ങളുടെ കണക്കെടുപ്പ്, വ്യാപാരികള്‍ക്കുണ്ടായ നഷ്ടം, സഹായ പാക്കേജ്…..ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നീളുന്നു.
ഇതിന് പുറമെ സര്‍ക്കാരിന്റെ ആഘോഷ പരിപാടികള്‍ക്ക് ചെലവഴിച്ച തുക, വനിത മതിലിന്റെ ആദ്യ യോഗ ക്ഷണിതാക്കള്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ വിദേശ യാത്ര, പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കും നിയമസഭ സാമാജികര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചിട്ടില്ല.
നിയമസഭയില്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യ സമയത്ത് മറുപടി നല്‍കണമെന്ന് നേരത്തെ സ്പീക്കര്‍ റൂളിങ് നല്‍കിയിരുന്നെങ്കിലും ഇതിനൊന്നും വില കല്‍പ്പിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്തരമില്ലാതെ മുങ്ങിനടക്കുന്നത്. സഭയുടെ കഴിഞ്ഞ സെഷനുകളിലും ഇതേ നിലപാടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്. എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ വലിയ വീഴ്ച്ച സംഭവിക്കുന്നുവെന്ന ആരോപണവുമായി നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കൃത്യസമയത്ത് ഉത്തരം നല്‍കണമെന്ന് സ്പീക്കറുടെ റൂളിങ് ഉണ്ടായെങ്കിലും ഇതുവരെ നടപ്പായില്ല.

chandrika: