തിരുവനന്തപുരം: കേരളപ്പിറവിയുടെ 60-ാം വാര്‍ഷികാഘോഷ പരിപാടിക്ക് സംസ്ഥാന ഗവര്‍ണര്‍ പി.സദാശിവത്തിന് ക്ഷണമില്ല. സംസ്ഥാന നിയമസഭയും സര്‍ക്കാറും സംയുക്തമായാണ് വജ്രകേരളമെന്ന പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് അധ്യക്ഷന്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ അറുപത് പ്രമുഖരെ വേദിയിലേക്കും ആയിരത്തോളം പേരെ സദസ്സിലേക്കും ക്ഷണിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു ചടങ്ങില്‍ സ്വാഭാവികമായും ഗവര്‍ണര്‍ മുഖ്യാതിഥിയായി എത്തേണ്ടതാണ്. എന്നാല്‍ പരിപാടിയിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ സ്ഥിരീകരിച്ചു.

p_sathasivampti1

സര്‍ക്കാര്‍ നിലപാടില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് വിവരം. കേരളപ്പിറവി ചടങ്ങുകള്‍ പ്രതീക്ഷിച്ച് ചൊവ്വാഴ്ച മറ്റു പരിപാടികളൊന്നും ഗവര്‍ണര്‍ ഏറ്റിരുന്നില്ല. അതൃപ്തി രേഖപ്പെടുത്തി ഗവര്‍ണര്‍ ഇന്നു രാവിലെ 11.30ന് ചെന്നൈക്കു തിരിക്കും.

അതേസമയം കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് ഗവര്‍ണറെ ക്ഷണിക്കാത്തത് പ്രോട്ടോക്കോള്‍ ലംഘനമല്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. തീരുമാനമെടുക്കേണ്ടത് ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെട്ട സ്വാഗത സംഘമാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.