ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധാവുവാക്കിയതിന് ശേഷമുള്ള ആദ്യ മാസാന്ത്യത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനായി സര്‍ക്കാറുകളുടെയും സ്ഥാപനങ്ങളുടെയും നെട്ടോട്ടം. ബാങ്ക് അക്കൗണ്ടുകള്‍ വഴി ശമ്പളം കിട്ടിയവര്‍ അതെങ്ങനെ പണമായി ലഭിക്കുമെന്ന പരിഭ്രാന്തിയിലുമായി.

വിവിധ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാന്‍ എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുമ്പില്‍ വരി നില്‍ക്കുകയാണ് ജീവനക്കാര്‍ക്കു മുമ്പിലുള്ള ഏക മാര്‍ഗം. എന്നാല്‍ രാജ്യത്തെ 90ശതമാനത്തോളം എ.ടി.എമ്മുകളില്‍ പണമില്ലാത്തത് ജനത്തെ വലച്ചു. മാസാന്ത ബില്ലുകള്‍ അടക്കുന്നതിലും പ്രതിസന്ധിയുണ്ടാകും. അതിനിടെ, ബാങ്കുകളില്‍ പണം പിന്‍വലിക്കാനെത്തിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിട്ടുള്ളത്.

അധിക പണം ആവശ്യപ്പെട്ട് എല്ലാ ബാങ്കുകളും റിസര്‍വ് ബാങ്കിന് സന്ദേശമയച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ സുരക്ഷയൊരുക്കണമെന്നും ബാങ്ക് അധികൃതര്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡിസംബര്‍ ആദ്യവാരത്തിലെ തിരക്ക് മുന്‍നിര്‍ത്തി ശമ്പള-പെന്‍ഷന്‍ അക്കൗണ്ടുകളുള്ള ബാങ്കുകള്‍ക്ക് 20-30 ശതമാനം അധിക പണം നല്‍കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.