ന്യൂഡല്‍ഹി: വിമാനയാത്രികന്റെ ബാഗില്‍ നിന്നും മദ്യം മോഷ്ടിച്ചതിന് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് സ്വകാര്യ എയര്‍ലൈന്‍ ജീവനക്കാര്‍ പിടിയിലായി. രജിസ്റ്റര്‍ ചെയ്ത യാത്രക്കാരുടെ ബാഗുകളില്‍ നിന്നാണ് മദ്യകുപ്പികള്‍ മോഷണം പോയത്. കഴിഞ്ഞദിവസമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എയര്‍ലൈന്‍ ജീവനക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ടെര്‍മിനല്‍ ഏരിയയിലുള്ള സിസിടിവിയില്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ രണ്ട് മദ്യകുപ്പികള്‍ താമസസ്ഥലത്തുണ്ടെന്ന് ജീവനക്കാര്‍ സമ്മതിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവ കണ്ടെടുക്കുകയും ചെയ്തു.