കൊളംബോ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന ടാങ്കര്‍ കപ്പലിന് ശ്രീലങ്കന്‍ തീരത്തുവെച്ച് തീപ്പിടിച്ചു. കൊളമ്പോ തീരത്ത് വെച്ച് ന്യൂഡയമണ്ട് എന്ന കപ്പലിനാണ് തീപിടിച്ചത്. ശ്രീലങ്കന്‍ നാവികസേനയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തുവിട്ടത്.

കുവൈത്തില്‍ നിന്ന് പാരദ്വീപിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടം നടന്നത്.

ഒരു ഹെലികോപ്റ്ററും രണ്ട് കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടതായും തീ അണയ്ക്കാന്‍ ശ്രമം തുടങ്ങിയതായും ശ്രീലങ്കന്‍ നാവികസേന അറിയിച്ചു.

കപ്പലില്‍ 270,000 ടണ്‍ ക്രൂഡ് ഓയില്‍ ആണ് ഉള്ളത്. ക്രൂഡ് ഓയില്‍ കപ്പലില്‍ നിന്നും ചോരുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ മറൈന്‍ പ്രോട്ടക്ഷന്‍ അതോറിറ്റി വ്യക്തമാക്കി.