X
    Categories: Views

ഒമാനില്‍ 20 വര്‍ഷത്തിലധികമായി തടവിലുള്ള 2 മലയാളികള്‍ക്ക് മോചനം

 

മസ്‌കത്ത്: സിനാവ് സൂഖില്‍ രണ്ട് സ്വദേശികള്‍ പാകിസ്താനികളാല്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം തടവു ശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു മലയാളികള്‍ക്ക് മോചനം. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകന്‍ തയ്യില്‍ ഹബീബിന്റെയും ഇടപെടലാണ് രണ്ട് പതിറ്റാണ്ടായി ഒമാന്‍ ജയിലില്‍ കഴിയുന്ന ഷാജഹാന്‍, സന്തോഷ് കുമാര്‍ എന്നിവരുടെ മോചനത്തിന് വഴി തെളിച്ചത്.
20 വര്‍ഷത്തിലധികമായി ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. അടുത്തിടെ ഇവരെ സന്ദര്‍ശിക്കാന്‍ ഷാജഹാന്റെ മകനും സന്തോഷ് കുമാറിന്റെ സഹോദരനും ഒമാനില്‍ എത്തുകയും ഇന്ത്യന്‍ അംബാസഡര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
സിനാവ് സൂഖില്‍ ഇവര്‍ ജോലി ചെയ്തിരുന്ന കടയില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയെന്നതായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ഈ സംഭവത്തില്‍ നാലു പാക്കിസ്താനികളെ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു.
സന്തോഷ് കുമാറിന്റെ മോചനം തേടി സഹോദരന്‍ മഹേശന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. കേരളത്തിലും കേന്ദ്രത്തിലും മാറി മാറി വന്ന സര്‍ക്കാറുകള്‍ക്ക് മുമ്പില്‍ ചെന്ന് സഹോദനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് യാചിച്ചുവെന്നുംഇദ്ദേഹം പറയുന്നു. ഇതിനിടെ, മകന്‍ സന്തോഷ് കുമാര്‍ ശിക്ഷിക്കപ്പെട്ടതറിഞ്ഞ് 11 വര്‍ഷത്തോളം അസുഖ ബാധിതയായി കിടന്ന അമ്മയുടെ മരണവും ദു:ഖം സഹിക്കാനാവാതെ സഹോദരന്റെ ആത്മഹത്യയും എല്ലാം കുടുംബത്തെ പൂര്‍ണമായി തളര്‍ത്തിയെന്നും മഹേശനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സമാഈലിലെ ജയിലിലെത്തി ഷമീര്‍ തന്റെ ഉപ്പയെയും മഹേശന്‍ സഹോദരനെയും കണ്ടു. ഷാജഹാന്റെ കുടുംബവും കേരളത്തിലും കേന്ദ്രത്തിലും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും മുന്നില്‍ മോചനത്തിനായി ഇടപെടണമെന്ന അപേക്ഷയുമായി കയറിയിറങ്ങിയിരുന്നു. എന്നാല്‍, ഫലമുണ്ടായില്ല. അങ്ങനെയിരിക്കെ, കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവര്‍ക്ക് ഒമാനിലേക്ക് വരാന്‍ സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ തയ്യില്‍ ഹബീബ് അവസരം ഒരുക്കുന്നത്.
ഏതായാലും, തങ്ങളുടെ ഉറ്റവരുടെ മോചനത്തില്‍ ആശ്വസിക്കുകയാണ് മഹോശനും ഷമീറും.

chandrika: