മസ്‌കത്ത്: ഉപഭോക്തൃ നിയമം ലംഘിക്കുന്നവര്‍ക്ക് ഒമാന്റെ ഉപഭോക്തൃ സരക്ഷണ നിയമം കടുത്ത ശിക്ഷ തന്നെ നല്‍കുന്നതാണെന്ന് അധികൃതര്‍. അടുത്തിടെയുണ്ടായ കോടതി ഉത്തരവില്‍ ലംഘനം വരുത്തിയവര്‍ക്ക് 29,490 റിയാല്‍ പിഴയും നിരവധി പേര്‍ക്ക് ജയില്‍ ശിക്ഷയുമാണ് ലഭിച്ചത്. വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പ്രാഥമിക കോടതി 14 നിയമ നടപടികളിലായി 14,730 റിയാല്‍ പിഴയും മൂന്നിലധികം പേര്‍ക്ക് ജയില്‍ ശിക്ഷയും നല്‍കിയെന്ന് പിഎസിപി (പബ്‌ളിക് അഥോറിറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍) അറിയിച്ചു.

 

ഇബ്രയിലെ ഒരു കോടതി ആറു നിയമ നടപടികളിലൂടെ ലംഘകര്‍ക്ക് 7,100 റിയാല്‍ പിഴ ചുമത്തി. മുദൈബിയിലെ കോടതി അഞ്ചു ജുഡീഷ്യല്‍ നിയമ നടപടികളിലൂടെ ഒട്ടേറെ പേര്‍ക്ക് തടവും 3,600 റിയാല്‍ പിഴയും ചുമത്തി. നിരോധിത വസ്തുക്കള്‍ വിതരണം ചെയ്തതിന് ബിദ്‌യയിലെ പ്രാഥമിക കോടതി ഒരാള്‍ക്ക് മൂന്നു മാസത്തെ തടവ് വിധിച്ചു. ഉല്‍പന്നങ്ങള്‍ കണ്ടു കെട്ടി നശിപ്പിക്കാനും ഉത്തരവിടുകയുണ്ടായി. ഇതേ കോടതി, കാലാവധി കഴിഞ്ഞ വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്ത് 4,030 റിയാല്‍ പിഴ ചുമത്താന്‍ വിധിച്ചു.