ഇസ്്‌ലാമാബാദ്: പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ജനറള്‍ ഖമര്‍ ജാവേദ് ബജ് വ ചുമതലയേറ്റു. പ്രധാനമന്ത്രി നവാസ് ശരീഫ് തീരുമാനത്തിന് അംഗീകാരം നല്‍കിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ റാഹീല്‍ ശരീഫിന് പകരമായാണ് നിയമനം. പാകിസ്താന്റെ 16-ാം സൈനിക മേധാവിയാണ് ബജ് വ. നേരത്തെ, റാവല്‍പിണ്ടി കോര്‍പ്‌സിന്റെ കമാന്‍ഡറായിരുന്ന ഇദ്ദേഹം നിലവില്‍ സൈനിക പരിശീലന ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് ഇന്‍സ്‌പെക്ടര്‍ ജനറലാണ്.

സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫായി സുബൈര്‍ ഹയാതിനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് പാക് സൈനികത്തലപ്പത്ത് അഴിച്ചു പണി വരുന്നത്. നേരത്തെ, റാഹീല്‍ ശരീഫ് സ്ഥാനമൊഴിയും മുമ്പ് ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ ആക്രമണത്തിന് കോപ്പു കൂട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 29നാണ് ശരീഫ് വിരമിക്കുന്നത്.