തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന ആര്‍എസ് എസ് ദേശീയ സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കേട്ട് ജനാധിപത്യ മതേതര കേരളം വിറങ്ങലിച്ചുപോയെന്ന് ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും അറിവോടെ മത്സരിക്കാനെത്തിയ ആര്‍എസ് എസ് നേതാവിനെ വെട്ടിമാറ്റിയത് ഡീലിന്റെ ഭാഗമായാണ് എന്നത് എത്രമാത്രം സുദൃഢമാണ് ഈ ബന്ധമെന്ന് വ്യക്തമാക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

സിപിഎമ്മിന് തുടര്‍ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നതാണ് ഡീല്‍. എന്നാല്‍ ഇരുവരുടെയും ദീര്‍ഘകാല ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളമാണ്. ജനാധിപത്യ മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ അജണ്ട.ബിജെപി- സിപിഎം അജണ്ട നേരത്തെ ഭാഗികമായി പുറത്തുവന്നിരുന്നു.

സിപിഎം- ബിജെപി ബന്ധത്തിന്റെ പല ഏടുകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചതാണ്. കൂടുതല്‍ ബന്ധങ്ങള്‍ ഇനിയും മറനീക്കി പുറത്തുവരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.