ബംഗളൂരു: കര്‍ണാടകയില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.  സംസ്ഥാന രൂപീകരണത്തിന്റെ 61-ാം വാര്‍ഷികാഘോഷദിനത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇവിടെ ജീവിക്കുന്നവര്‍ എല്ലാവരും കന്നഡിഗരാണ്.

കര്‍ണാടകയില്‍ ജീവിക്കുന്ന എല്ലാവരും കന്നഡ പഠിക്കണം. അവരുടെ മക്കളേയും പഠിപ്പിക്കണം-സിദ്ധരാമയ്യ പറഞ്ഞു. മറ്റു ഭാഷകള്‍ പഠിക്കുന്നതിന് താന്‍ എതിരല്ലെന്നും കന്നഡ പഠിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കന്നഡയെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകക്കാര്‍ മറ്റ് മനുഷ്യരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്. ഞങ്ങള്‍ക്ക് മനുഷ്യത്വമുണ്ട്. പക്ഷേ കന്നഡയുടെ കാര്യം വരുമ്പോള്‍ ഞങ്ങളത്ര ഉദാരമതികളല്ല.- സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

ഭാഷയോട് കൂടുതല്‍ സ്നേഹമുള്ളവരായിരിക്കാനും ഭാഷയെ സംരക്ഷിക്കാനും മുഖ്യമന്ത്രി കന്നഡിഗരോട് ആവശ്യപ്പെട്ടു.
കന്നഡവത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍, മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലെ ബോര്‍ഡുകള്‍ കന്നഡയിലാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.