X

പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, അസദുദ്ദീന്‍ ഒവൈസി; ചരിത്ര ബില്ലിനെ എതിര്‍ത്തത് ഇവര്‍ മൂന്ന് പേര്‍ മാത്രം 

കോഴിക്കോട്: രാജ്യത്ത് പത്ത്‌ ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന മുന്നാക്ക സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസായി.
വേണ്ടത്ര ചർച്ചകൾ നടക്കാതെ ബിൽ കൊണ്ടുവന്ന നടപടിയെ പ്രതിപക്ഷ കക്ഷികൾ എതിർത്തു.
അതേസമയം പാർലമെന്റിൽ വോട്ടിനിട്ട ബില്ലിനെ കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കം 323 അംഗങ്ങള്‍ അനുകൂലിച്ചു. എന്നാൽ രാജ്യത്തെ സാമ്പത്തിക അസമത്വം വർധിപ്പിക്കാൻ ഇടയാക്കുമെന്ന വിമർശനം നേരിട്ട ചരിത്ര ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത മൂന്ന് അംഗങ്ങള്‍ മാത്രമാണ്. മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.

അതേസമയം അടുത്തകാലത്തൊന്നും കാണാത്ത ഐക്യമാണ് സാമ്പത്തിക സംവരണ വിഷയത്തില്‍ ലോക്സഭയില്‍ ദൃശ്യമായത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും എന്‍.സി.പിയും പിന്തുണച്ചു. എന്നാൽ ബില്ലിനെ ശക്തിയുക്തം എതിർത്ത എ.ഐ.എ.ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും.

അതേസമയം ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത സിപി.ഐ.എമ്മിന്റെ നിലപാട് ചരിത്രപരമായ തെറ്റാണെന്നും മണ്ടത്തരമാണെന്നുമുള്ള വിമര്‍ശനമാണ് ഉയരുന്നത്. രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബി.ജെ.പിയുടെ സൂത്രവിദ്യയാണ് സാമ്പത്തിക സംവരണമെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. വിഎസ് അച്യുതാനന്ദനും ബില്ലിനെ എതിർത്തു പരസ്യമായി രംഗത്തെത്തി. എന്നാല്‍ സഭയില്‍ സംവരണ ബില്ലിനെ അനുകൂലിച്ച് ഇടതു എം.പിമാര്‍ വോട്ടു ചെയ്യുകയായിരുന്നു.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലാണ് ലോക്സഭയില്‍ പാസായത്. 10 ശതമാനം സംവരണം കൊണ്ടുവരാനുള്ള ഭേദഗതിക്ക് മോദി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

നിലവില്‍ പട്ടികജാതി – പട്ടിക വര്‍ഗമടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആകെ 50 ശതമാനമാണ് ഭരണഘടനാപ്രകാരം സംവരണമുള്ളത്. ഇതിന് പുറമെയാണ് മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം. ഭരണഘടനയുടെ 15, 16 അനുഛേദങ്ങളാണ് ഭേദഗതി ചെയ്യുക. ഇതോടൊപ്പം സാമൂഹ്യമായ പിന്നാക്കവസ്ഥയ്ക്കുള്ള പരിഹാരമെന്ന സംവരണത്തിന്റെ വ്യാഖ്യാനത്തിലും ഭേദഗതി വേണ്ടിവരും. ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചാലും ഈ സഭ സമ്മേളനത്തില്‍ പാസാക്കാനാകില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാവണം. സംസ്ഥാന നിയമസഭകളിലും ബില്‍ പാസാക്കേണ്ടതുണ്ട്.

ഗൌരവമുള്ള ഭരണഘടന ഭേദഗതിയായതിനാല്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ട് പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ആ പ്രക്രിയയിലേക്ക് കടക്കൂ. എങ്കിലും ബില്ലുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ച നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കേ ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിനം ഇങ്ങനെയൊരു ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു.

chandrika: