india

ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍

By webdesk18

May 31, 2025

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.