പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി കരസേന അറിയിച്ചു. ഓപറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സൈനിക നടപടിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ കുറിച്ചു. ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. മിസൈലാക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞമാസം 22ന് പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം കനത്തിരുന്നു. തിരിച്ചടിനല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ അധികാരം നല്‍കിയിരുന്നു.