X

പ്രതിപക്ഷ എം എല്‍ എമാര്‍ ശബരിമലയില്‍

 

ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സംഘം പമ്പയിലെത്തി. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്. സുനില്‍കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. കെഎസ്ആര്‍ടിസി, ശുചിമുറി ബ്ലോക്ക്, ക്ലോക്ക് റൂം, സ്‌നാനഘട്ടം തുടങ്ങിയവ സന്ദര്‍ശിച്ചു, സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പമ്പയിലെയും നിലയ്ക്കലിലെയും സന്നിധാനത്തെയും അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. തീര്‍ഥാടകര്‍ കയറിയ കെഎസ്ആര്‍ടിസി ബസുകള്‍ നിലയ്ക്കലില്‍ രണ്ടും മൂന്നും മണിക്കൂര്‍ പിടിച്ചിട്ടിരുന്നു. ഇവരോടും എംഎല്‍എ സംഘം സംസാരിച്ചിരുന്നു. ചെറിയ കുട്ടികള്‍ അടക്കമുള്ള സംഘത്തിന് കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ഭക്ഷണമോ ഇല്ല. കെഎസ്ആര്‍ടിസി െ്രെഡവര്‍മാരും പരാതികള്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം, മണ്ഡലകാലം ആരംഭിച്ച് ആദ്യ ഞായറാഴ്ചയായിട്ടും സന്നിധാനത്തു തിരക്കില്ല. വരിനില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടാം. തീര്‍ഥാടകരില്‍ അധികവും അന്യസംസ്ഥാനക്കാരാണ്. മലയാളികള്‍ കുറവാണ്. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിയെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളാകാം മലയാളി തീര്‍ഥാടകരെ ശബരിമലയിലേക്കു വരുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് അനുമാനം.

അതേസമയം, സുരക്ഷയില്‍ പൊലീസ് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യുന്നില്ല. കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ടിങ്ങിനായി പ്രദേശത്തേക്കു കടക്കണമെങ്കില്‍ പാസ് വാങ്ങിക്കണം. എന്നാല്‍ ഇന്നു രാവിലെ ഒരു മാധ്യമത്തിന്റെ വാഹനം പാസില്ലാതെ കടത്തിവിട്ടതിനെത്തുടര്‍ന്ന് മറ്റു മാധ്യമപ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാഗ്വാദം നടന്നു. തുടര്‍ന്ന് പൊലീസ് കടന്നുപോയ വാഹനത്തെ തിരിച്ചുവിളിക്കുമെന്ന് അറിയിച്ചു.

chandrika: