X

ശബരിമലയിലേക്ക് ബി.ജെ.പി ദേശീയ നേതാക്കളും എം.പിമാരും; കരുതല്‍ തടങ്കലിന് സാധ്യത

പത്തനംതിട്ട: ബി.ജെ.പി ദേശീയ നേതാക്കളെയും എം.പിമാരെയും ശബരിമലയിലേക്ക് എത്തിക്കുമെന്ന് സൂചന. ദിവസവും ഓരോ നേതാക്കള്‍ വീതവും മറ്റ് സംസ്ഥാനങ്ങളിലെ എം.പിമാരെയും ശബരിമലയിലെത്തിക്കാനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ആസുത്രണമിടുന്നത്.

സന്നിധാനത്തേക്ക് പുറപ്പെട്ട കെ.പി ശശികലയേയും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനേയും പൊലീസ് അറസ്റ്റു ചെയ്തു നീക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബി.ജെ.പി രംഗത്തെത്തുന്നത്. ശബരിമല പ്രക്ഷോഭം സജീവമായി നിലനിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പാണ് ബിലെപിയുടെ ലക്ഷ്യം.

എന്നാല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കളെ കരുതല്‍ തടങ്കലിലാക്കാനാണ് പൊലീസ് തീരുമാനം. പ്രതിഷേധത്തിനൊരുങ്ങുന്ന നേതാക്കളുടെ പട്ടിക തയാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

തുലാമാസ, ചിത്തിര ആട്ടപൂജ സമയത്ത് സന്നിധാനത്തുണ്ടായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി നേതാക്കളെ അറസ്റ്റു ചെയ്യുന്നത് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ സന്നിധാനവും പരിസരവുമെല്ലാം നിയന്ത്രണ വിധേയമാണങ്കിലും കൂടുതല്‍ നേതാക്കളെത്തിയാല്‍ സംഘര്‍ഷ സാധ്യതയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമലയില്‍ സന്നിധാനത്തേക്കെത്താന്‍ ശ്രമിച്ചാല്‍ തടഞ്ഞ് തിരിച്ചയക്കാനും വഴങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനുമാണ് തീരുമാനം. അങ്ങനെയാണെങ്കില്‍ കെ.സുരേന്ദ്രന്റെയും കെ.പി. ശശികലയുടെയും കരുതല്‍ നടപടികള്‍ അവസാനിക്കില്ല.

ഇത്തരത്തില്‍ പ്രതിഷേധിക്കാനായി വരുന്ന നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ ദിവസവും റിപ്പോര്‍ട് നല്‍കാന്‍ ഡി.ജി.പി നിര്‍ദേശിച്ചിട്ടുമുണ്ട്

chandrika: