ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ പാസാക്കുകയും പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം ശ്ക്തമാക്കി പ്രതിപക്ഷം. ജനാധിപത്യ നടപടികള്‍ പാലിക്കാത കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഒറ്റക്കെട്ടായ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിനു മുന്നില്‍ ‘പ്രതിഷേധ ചങ്ങല’ തീര്‍ത്ത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ‘കര്‍ഷകരെ രക്ഷിക്കുക, തൊഴിലാളികളെ രക്ഷിക്കുക, ജനാധിപത്യത്തെ രക്ഷിക്കുക’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളുനായാണ് എംപിമാരുടെ സഭക്ക് പുറത്ത് പ്രതിഷേധം നടത്തിയത്.

അതേസമയം, പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സഭയില്‍ ആളില്ലാതിരിക്കെ ബില്ലുകള്‍ പാസാക്കരുതന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനോട് പ്രതിപക്ഷ എംപിമാര്‍ അഭ്യര്‍ഥിച്ചു. വിവാദമായ തൊഴില്‍ ബില്ലുകള്‍ പാസാക്കുന്നത് മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടത്. തൊഴിലിടങ്ങളിലെ സമരങ്ങള്‍ക്ക് നിയന്ത്രണം നല്‍കുന്നതും തൊഴിലാളികളെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ അനുമതി വേണ്ടെന്നതും അടക്കമുള്ള കമ്പനി അനുകൂല ഭേദഗതികളാണ് തൊഴില്‍ നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന വിമര്‍ശനം നിലനില്‍ക്കുന്ന ബില്ലുകളാണിത്.

അതിനിടെ, കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ പ്രതിപക്ഷം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകി 5മണിക്കാവും കാണുക. വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും. വിവാദമായ കാര്‍ഷിക ബില്ലിനു പിന്നാലെ പല സുപ്രധാന ബില്ലുകളും രാജ്യസഭ പാസാക്കി. തൊഴില്‍ ബില്ലുകള്‍ പാസാക്കി കഴിഞ്ഞാല്‍ യോഗം അവസാനിപ്പിക്കുമെന്ന് സഭാധ്യക്ഷന്‍ അറിയിച്ചു.