സ്വന്തംലേഖകന്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പ് മുന്‍നിര്‍ത്തി പരസ്പരം യോജിപ്പിലെത്തേണ്ട മേഖലകളെ പറ്റി കൂടിയാലോചിക്കാനും സഖ്യരൂപീകരണത്തിന്റെ സാധ്യതകളെ പറ്റിയാരായാനും വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളഉടെ യോഗം ഡല്‍ഹിയില്‍ തുടങ്ങി. പാര്‍ലമെന്റ് അനെക്‌സ് കെട്ടിടത്തിലാണ് യോഗം നടക്കുന്നത്. രാജ്യത്ത് നിലവില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യങ്ങളെ പറ്റിയും യോഗം ചര്‍ച്ച ചെയ്‌തേക്കും. ഭീകരാക്രമണത്തില്‍ വീരമൃത്യൂവരിച്ച സൈന്കര്‍ക്ക് യോഗാംരംഭത്തില്‍ നേതാക്കള്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു, തൃണമുല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സതീഷ്ചന്ദ്ര മിശ്ര (ബിഎസ്പി), ഡാനിഷ് അലി (ജെഡിഎസ്) മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, മനോജ് ജാ (ആര്‍ജെഡി), ശിബുസോറന്‍ (ജാര്‍ഖണ്ട് മുക്തിമോര്‍ച്ച) ഉപേന്ദ്ര കുശാവ (ആര്‍എല്‍എസ്പി) പ്രൊഫ. അശോക് കുമാര്‍ സിംഗ് (ജാര്‍ഖണ്ട് വികാസ് മോര്‍ച്ച) ജിതിന്‍ റാംമഞ്ജി (ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച) പ്രൊഫ. കൊടാന്തരം (തെലങ്കാന ജനസമിതി) കെജി കെന്യെ (നാഗാ പീപ്പിള്‍സ് ഫ്രണ്ട്) ജോസ് കെ മാണി (കേരളാ കേണ്‍ഗ്രസ് എം) രാജു ഷെട്ടി (സ്വാഭിമാനി പക്ഷ) തുടങ്ങി നിരവധി കക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.