ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിളിച്ചു ചേര്‍ത്ത യോഗം പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായി. ഐക്യത്തോടെ നീങ്ങാനും രാജ്യസഭാ ഡെപ്യൂട്ടി ലീഡര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനും പാര്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യോഗം ധാരണയിലെത്തി. കോണ്‍ഗ്രസ്സ് നേതാക്കളായ മല്ലികാര്‍ജുന്‍ ഗാര്‍ഗെ, അഹമ്മദ് പട്ടേല്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്ക് പുറമെ ശരത്പവാര്‍ (എന്‍.സി.പി), മിസ ഭാരതി (ആര്‍.ജെ.ഡി), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്്‌ലിംലീഗ്), സതീഷ് ചന്ദ്ര (എസ്.പി), സുകേന്ദു ശേഖര്‍ റോയ് (തൃണമൂല്‍ കോണ്‍ഗ്രസ്സ്), മുഹമ്മദ് സലീം (സി.പി.എം), ആര്‍ രാജ (സി.പി.ഐ), ഇളങ്കോവന്‍ (ഡി.എം.കെ), ജോസ് കെ മാണി (കേരള കോണ്‍ഗ്രസ്സ്), എന്‍.കെ പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി) തുടങ്ങിയവര്‍ സംബന്ധിച്ചു.