ദുബൈ: വെസ്റ്റ് ഇന്‍ഡീസ്-പാകിസ്താന്‍ ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ പാകിസ്താന്റെ എട്ട് വിക്കറ്റ് വീഴ്ത്തി അവിശ്വസനീയ പ്രകടനം കാഴ്ചവെച്ച ദേവേന്ദ്ര ബിശുവാണ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയത്. അസ്ഹര്‍ അലിയുടെ ട്രിപ്പിള്‍ സെഞ്ച്വറി(302) കരുത്തില്‍ പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 579 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 357 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഡാരന്‍ ബ്രാവോ(87) മാര്‍ലോണ്‍ സാമുവല്‍സ്(76) എന്നിവരാണ് വിന്‍ഡീസിന് വേണ്ടി തിളങ്ങിയത്.

222 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ പാകിസ്താനെയാണ് ബിശു കറക്കി വീഴ്ത്തിയത്. 123 റണ്‍സിനാണ് പാക് താരങ്ങള്‍ കൂടാരം കയറിയത്. ഇതോടെ വിന്‍ഡീസിന്റെ ലക്ഷ്യം 346 റണ്‍സായി. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ വിന്‍ഡിസ് രണ്ടിന് 95 റണ്‍സെന്ന നിലയിലാണ്. അഞ്ചാം ദിനമായ ഇന്ന് വിന്‍ഡീസിന് ജയിക്കാന്‍ 251 റണ്‍സ് കൂടി വേണം. പാകിസ്താന് ജയിക്കാന്‍ വേണ്ടത് എട്ട് വിക്കറ്റും. കളി അങ്ങോട്ടും ഇങ്ങോട്ടും തിരിയാം! 13.5 ഓവറില്‍ കേവലം 49 റണ്‍സ് വഴങ്ങിയാണ് ബിശു എട്ട് വിക്കറ്റ് വീഴ്ത്തിയത്. ഇതില്‍ നാല് പേരുടെ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. ബിശുവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ്.