News

ഐ.സി.സി വനിതാ ലോകകപ്പില്‍ പാകിസ്താന് നിരാശ

By webdesk18

October 24, 2025

ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ആശ്വാസത്തിനായുള്ള ഒറ്റ ജയം പോലും സ്വന്തമാക്കാന്‍ സാധിക്കാതെ പാകിസ്താന്‍ നാണംകെട്ട് മടക്കം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ആതിഥേയരായ ശ്രീലങ്കക്കെതിരെ നടന്ന അവസാന മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതോടെയാണ് പാകിസ്താന്റെ ലോകകപ്പ് യാത്ര നിരാശയോടെ അവസാനിച്ചത്.

ഏഴ് മത്സരങ്ങളില്‍ നാല് തോല്‍വിയും മൂന്ന് മത്സരങ്ങള്‍ മഴയില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തതിനാല്‍ പാകിസ്താന്റെ അക്കൗണ്ടില്‍ മൂന്ന് പോയിന്റ് മാത്രമാണ്. സെമിഫൈനല്‍ സാധ്യത നേരത്തെ നഷ്ടപ്പെട്ടതോടെ ഒരു ജയം പോലും നേടാനാകാതെ മടങ്ങേണ്ടി വന്നത് ടീമിന് വലിയ തിരിച്ചടിയായി.

വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്തു. 4.2 ഓവറില്‍ വിക്കറ്റ് നഷ്ടമാവാതെ 18 റണ്‍സ് നേടിയപ്പോള്‍ ശക്തമായ മഴയെത്തി. തുടര്‍ന്ന് കളി പുനരാരംഭിക്കാനായില്ല.

പ്രേമദാസ സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്ത 11 മത്സരങ്ങളില്‍ അഞ്ചെണ്ണം മഴയാല്‍ തടസ്സപ്പെട്ടതോടെ വേദി തിരഞ്ഞെടുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ശ്രീലങ്കയുടെ സെമിഫൈനല്‍ സാധ്യതയും അവസാനിച്ചു.

ലോകകപ്പില്‍ ബംഗ്ലാദേശ്, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമായുള്ള മത്സരങ്ങള്‍ മഴ മുടക്കി.

ലോകകപ്പിലെ വിലപ്പെട്ട മത്സരങ്ങള്‍ മഴയില്‍ പാഴായതിനെതിരെ പാകിസ്താന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ”നാലുവര്‍ഷം കാത്തിരിപ്പ് കഴിഞ്ഞ് ലോകകപ്പിനായി ഇറങ്ങുമ്പോള്‍ നിലവാരമുള്ള വേദി തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഐ.സി.സിക്കുണ്ട്,” എന്ന് അവര്‍ പ്രതികരിച്ചു.