crime

കല്യാണത്തിന് റിസോര്‍ട്ടില്‍ പാര്‍ട്ടി, യുവതികളടക്കം 70ഓളം പേര്‍; നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ എത്തിച്ചയാള്‍ പിടിയില്‍

By webdesk13

April 25, 2023

കല്യാണത്തിനോടുബന്ധിച്ച് റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിക്കായി മാരകമയക്കുമരുന്നായ എം.ഡി.എം.എ എത്തിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം മരട് കൂടാരപ്പള്ളിയില്‍ ഷാരോണി(27)നെയാണ് ഒരു ഗ്രാം എം.ഡി.എം.എയുമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അരൂര്‍ പൊലീസ് ചേര്‍ന്ന് പിടികൂടിയത്.

ഇയാളില്‍ നിന്ന് സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍ ഒരു ഗ്രാം പിടികൂടി.

അരൂര്‍ ശ്മശാനം റോഡിന് പടിഞ്ഞാറുഭാഗത്തെ ചക്യാമുറി കടത്തിന് സമീപത്തെ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി നടന്നത്.പാര്‍ട്ടി നടന്ന സമയത്ത് നിരവധിപേര്‍ ഇവിടെ വന്ന് ലഹരി ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു. ഇവരുടെ വിശദവിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരുകയാണ്.

യുവതികളടക്കമുള്ള എഴുപതോളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.