തൃശൂര്‍: വിവാദമായ കവിതകളായ പര്‍ദ്ദയും സീതയും പുറത്തിറക്കുമെന്ന് കവി പവിത്രന്‍ തീക്കുനി. പര്‍ദ്ദ എന്ന കവിതയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും സീതയില്‍ മാറ്റങ്ങള്‍ വരുത്താതെയുമാണ് പുറത്തിറക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

പര്‍ദ്ദ എന്ന കവിത പിന്‍വലിച്ചത് മതമൗലികവാദികളുടെ ഭീഷണി ഭയന്നല്ലെന്ന് കവി പവിത്രന്‍ തീക്കുനി വ്യക്തമാക്കി. പര്‍ദ്ദയെ ആഫ്രിക്കയോട് ഉപമിച്ച പ്രയോഗം എടുത്തുമാറ്റി കവിത വീണ്ടും പുറത്തിറക്കുമെന്നും കവി കൂട്ടിച്ചേര്‍ത്തു. പര്‍ദ്ദയിലെ ചില പ്രയോഗങ്ങള്‍ വംശീയ അധിക്ഷേപം നടത്തുന്നതാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വിമര്‍ശനങ്ങള്‍ ശക്തമായതോടെ കവി തന്നെ കവിത പിന്‍വലിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

നേരത്തേയും കവിത പിന്‍വലിച്ചതിന് പവിത്രന്‍ തീക്കുനി വിശദീകരണം നല്‍കിയിരുന്നു. കവിതയില്‍ കടന്ന് കൂടിയ വംശീയതയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഉള്‍കൊണ്ട് തന്നെയാണ് കവിത പിന്‍വലിച്ചത്. ഫേസ് ബുക്കില്‍ താന്‍ പ്രസിദ്ധീകരിച്ച കവിത പിന്‍വലിച്ചതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊന്നും ഈ അവസരത്തില്‍ മറുപടി പറയാനില്ല. ഒരുകാര്യം എന്നെയാരും കവിത പിന്‍വലിക്കണമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയിട്ടില്ല. കുറച്ച് സുഹൃത്തുക്കളുമായി സംസാരിച്ചു, ശേഷം അതില്‍ കടന്ന് കൂടിയ വംശീയതയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഉള്‍കൊണ്ട് കവിത പിന്‍വലിക്കുകയായിരുന്നു. ഒരു കവിത പോസ്റ്റു ചെയ്യാനുള്ള അതേ സ്വാതന്ത്ര്യം പിന്‍വലിക്കാനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കവിത പിന്‍വലിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്ക് ക്ഷണമുണ്ടായിരുന്ന വേദികള്‍ നഷ്ടമായെന്നും പവിത്രന്‍ തീക്കുനി വ്യക്തമാക്കിയിരുന്നു.