കോഴിക്കോട്: കവിത ‘പര്‍ദ്ദ’ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കവി പവിത്രന്‍ തീക്കുനി. കവിത പിന്‍വലിക്കാന്‍ തന്നെ ആരും ഭീഷണിപെടുത്തിയിട്ടില്ലെന്ന് തീക്കുനി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തിലാണ് കവിത പിന്‍വലിച്ചതിനെക്കുറിച്ചുള്ള കവിയുടെ വിശദീകരണം.

കവിതയില്‍ കടന്ന് കൂടിയ വംശീയതയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഉള്‍കൊണ്ട് തന്നെയാണ് കവിത പിന്‍വലിച്ചത്. ഫേസ് ബുക്കില്‍ താന്‍ പ്രസിദ്ധീകരിച്ച കവിത പിന്‍വലിച്ചതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊന്നും ഈ അവസരത്തില്‍ മറുപടി പറയാനില്ല. ഒരുകാര്യം എന്നെയാരും കവിത പിന്‍വലിക്കണമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയിട്ടില്ല. കുറച്ച് സുഹൃത്തുക്കളുമായി സംസാരിച്ചു, ശേഷം അതില്‍ കടന്ന് കൂടിയ വംശീയതയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഉള്‍കൊണ്ട് കവിത പിന്‍വലിക്കുകയായിരുന്നു. ഒരു കവിത പോസ്റ്റു ചെയ്യാനുള്ള അതേ സ്വാതന്ത്ര്യം പിന്‍വലിക്കാനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കവിത പിന്‍വലിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്ക് ക്ഷണമുണ്ടായിരുന്ന വേദികള്‍ നഷ്ടമായെന്നും പവിത്രന്‍ തീക്കുനി അഭിമുഖത്തില്‍ പറയുന്നുണ്ട്.

പര്‍ദ്ദ പോസ്റ്റ്ു ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കവിതക്ക് വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കവിത പിന്‍വലിക്കുകയാണെന്ന് തീക്കുനി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.’ഇന്നലെ രാത്രി ഞാന്‍ പോസ്റ്റ് ചെയ്ത പര്‍ദ എന്ന കവിത ചില പ്രിയ മിത്രങ്ങളെ വ്രണപ്പെടുത്തിയെന്ന്് ബോധ്യമായതിനാല്‍ രാത്രിതന്നെ ഞാന്‍ പിന്‍വലിച്ചിരുന്നു. ആരെയും വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല’.- ഇങ്ങനെയായിരുന്നു തീക്കുനിയുടെ പോസ്റ്റ്.