‘കേരളത്തിലെ പി.എസ്.സി ഒരു സ്വതന്ത്ര ബനാന റിപ്പബ്ലിക്കാണോ? അവർക്ക് മലയാളം പ്രശ്‌നമല്ല, സർക്കാറിന്റെ മാതൃഭാഷാ നയവും പ്രശ്‌നമല്ല…’ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചതാണിത്.

മാധവന്റെ ചോദ്യത്തിൽ കഴമ്പുമുണ്ട്. സർക്കാറിന്റെ കീഴിലുള്ള പി.എസ്.സി, കേരളത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള യോഗ്യതയായി മലയാള ഭാഷാ പരിജ്ഞാനം കണക്കാക്കുന്നില്ല എന്നതാണ് വസ്തുത. നവംബറിൽ നടക്കാനിരിക്കുന്ന എൽ.പി, യു.പി സ്‌കൂളുകളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള എഴുത്തുപരീക്ഷയിൽ നിന്നാണ് മാതൃഭാഷയെ പി.എസ്.സി തഴഞ്ഞിരിക്കുന്നത്. അതായത്, മലയാളം അറിഞ്ഞില്ലെങ്കിലും മലയാളം മീഡിയമടക്കമുള്ള സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഇനി ഭാഷ അറിഞ്ഞിരിക്കേണ്ടതില്ല എന്നർത്ഥം. ഇതിനെതിരെ ഭാഷാ സ്‌നേഹികൾ മുഖ്യമന്ത്രിക്ക് ഓൺലൈൻ ഭീമഹർജി സമർപ്പിക്കാനൊരുങ്ങുകയാണ്.

അടുത്തകാലം വരെ പ്രൈമറി അധ്യാപക നിയമന പരീക്ഷകളിൽ മാതൃഭാഷ ഒരു വിഷയം എന്ന നിലയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറെക്കാലമായി പലവിധ കാരണങ്ങളാൽ മാതൃഭാഷ പ്രസ്തുത സിലബസ്സിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഒന്ന്, രണ്ട് ക്ലാസുകളിൽ മലയാളത്തിലാണ് ഗണിതവും പരിസരപഠനവും അടക്കം പഠിപ്പിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ മലയാളത്തിന് രണ്ട് പേപ്പറുകളുമുണ്ട്. ഇതെല്ലാം ശരിയായ രീതിയിൽ പഠിപ്പിക്കണമെങ്കിൽ ഈ മേഖലയിൽ നിയമിതരാവുന്ന അധ്യാപകർക്ക് മലയാള ഭാഷയിൽ സാമാന്യ ധാരണയെങ്കിലും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ, പി.എസ്.സിയുടെ എൽ.പി, യു.പി അധ്യാപക നിയമന പരീക്ഷയിൽ നിന്ന് ദുരൂഹമായി മലയാളത്തിനെ പുറത്തുനിർത്തിയിരിക്കുകയാണ്.

ലോകമെങ്ങും മാതൃഭാഷകൾക്കു വേണ്ടിയുള്ള പ്രയ്തനങ്ങൾ ശക്തിപ്പെടുമ്പോഴാണ് പി.എസ്.സി വിചിത്രമായ നയം സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഐക്യമലയാള പ്രസ്ഥാനം മുഖ്യമന്ത്രിക്ക് ഓൺലൈൻ ഹർജി സമർപ്പിക്കുകയാണ്. https://petition.malayalaaikyavedi.in/ എന്ന ലിങ്കിൽ കയറി ഹർജിയിൽ പങ്കാളികളാവാം.