ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ചാണ് അറസ്റ്റ്. ഉമർ ഖാലിദിനെതിരെ ഡൽഹി പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച ഖാലിദിനെ ഡൽഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം  ലോധി കോളനിയിലെ സ്‌പെഷ്യൽ സെൽ ഓഫീസിൽ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു.  ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഖാലിദിനെതിരെ ഉടന്‍ പൊലീസ് കുറ്റപത്രം സമർപ്പിക്കുമെന്നും തിങ്കളാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കുമെന്നും റിപ്പോർട്ടുണ്ട്.

കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ടുപേരും, ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സ്ട്രിങ്ങെന്റ് അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് ആക്ട് പ്രകാരം ഉമര്‍ ഖാലിദിനെതിരെ നേരത്തെ കുറ്റം ചുമത്തിയിരുന്നു.

’11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനക്കാരനായി ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തു. കലാപത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഡല്‍ഹി പോലീസ് പ്രതിഷേധം വളച്ചൊടിക്കുകയും കുറ്റവാളിയാക്കുകയും ചെയ്ത് കെട്ടുകഥ മെനഞ്ഞ് മറ്റൊരു ഇരയെ കണ്ടെത്തുകയാണ്’ ഉമര്‍ ഖാലിദ് അംഗമായ യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പ് പ്രസ്താവനയില്‍ പ്രതികരിച്ചു.

അതേസമയം, ഇന്നലെ സമാന കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവുമടക്കം ഒന്‍പത് പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ജനുവരി 15 ന് സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്, ഉമര്‍ഖാലിദ് എന്നിവര്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് പ്രതികളുടെ മൊഴിയെ ഉദ്ധരിച്ച് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.