india
മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ പുരോഹിതന്റെ വീഡിയോ പങ്കുവെച്ചു; മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.പി പൊലീസ്
സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്, 7 വര്‍ഷം തടവോ ജീവപര്യന്തമോ കുറ്റം തെളിയിക്കപ്പെട്ടാല്‍ ലഭിച്ചേക്കാം.
2022ല്‍ സുപ്രിം കോടതി ജാമ്യം അനുവദിക്കുകയും ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തതിന് പിന്നാലെ വീണ്ടും കോടതിയിലെത്തിയിരിക്കുകയാണ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും ഫാക്ട് ചെക്കറും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തുന്നെന്നാരോപിച്ച് യുപി പൊലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്യാന്‍ നടപടിയെടുത്തതിന് പിന്നാലെയാണ് വീണ്ടും സുബൈര്‍ കോടതിയെ സമീപിച്ചത്.
പുതിയ കേസില്‍ അലഹബാദ് കോടതി സുബൈറിന്റെ ഹരജി പരിഗണിക്കും. സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്, 7 വര്‍ഷം തടവോ ജീവപര്യന്തമോ കുറ്റം തെളിയിക്കപ്പെട്ടാല്‍ ലഭിച്ചേക്കാം. തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു, താന്‍ ചെയ്യുന്ന ജോലി കാരണം തന്നെ ലക്ഷ്യം വെക്കുകയാണ് എന്നാണ് മുഹമ്മദ് സുബൈര്‍ പുതിയ കേസില്‍ പ്രതികരിച്ചത്.
വിദ്വേഷ പരാമര്‍ശം നടത്തിയ ഹിന്ദു പുരോഹിതന്റെ വീഡിയോ സുബൈര്‍ ഈയടുത്ത് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് പങ്കുവെച്ച വീഡിയോയില്‍ യതി നരസിംഹാനന്ദ് എന്ന പുരോഹിതന്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. യുപിയിലെ ദസ്ന ദേവി ക്ഷേത്രത്തിലെ പുരോഹിതന്‍ തുടര്‍ച്ചയായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയും മുസ്ലിംകള്‍ക്കെതിരെ ആക്രമണ ആഹ്വാനങ്ങള്‍ നടത്തിയും കുപ്രസിദ്ധിയാര്‍ജിച്ച ആളാണ്. 2022ല്‍ പുരോഹിതനെ ഇസ്ലാമിനെതിരെ ഭയം പ്രചരിപ്പിച്ചതിനും സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയതിനും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
‘ബിജെപി സര്‍ക്കാരിനായി ഒറ്റയ്ക്ക് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുകയാണ്’ എന്ന അടിക്കുറിപ്പോടെ പുരോഹിതന്റെ പ്രവാചകനെതിരായ വീഡിയോ സുബൈര്‍ പങ്കുവെച്ചത്. സുബൈര്‍ വീഡിയോ പങ്കുവെച്ചതിന് ഒരു ദിവസത്തിന് ശേഷം ദസ്ന ദേവി ക്ഷേത്രത്തിന് പുറത്ത് ഇസ്ലാം വിശ്വാസികളുടെ പ്രതിഷേധം ആരങ്ങേറിയിരുന്നു. ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞു എന്ന പേരില്‍ പത്ത് പേരെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മുസ്ലിം സംഘടനകള്‍ പുരോഹിതനെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഇതിനിടെ ഒളിവിലുള്ള പുരോഹിതനെ അറസ്റ്റ് ചെയ്തെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു.
ഇതിന് പിന്നാലെ സുബൈറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പുരോഹിതന്റെ നിരവധി അനുയായികള്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ വളയുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ പുരോഹിതന് പിന്തുണയുമായി ബിജെപി നേതാവായ ഉദിത്യ ത്യാഗിയും രംഗത്തുവന്നു. ഇതോടെ സുബൈറിനെതിരെ കേസെടുക്കുകയായിരുന്നു.
തുടക്കത്തില്‍ സുബൈറിനെതിരെ ഗുരുതരമല്ലാത്ത വകുപ്പുകളാണ് ചുമത്തിയിരുന്നത്. രണ്ട് മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു, അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, തെറ്റായ തെളിവ് പ്രചരിപ്പിച്ചു എന്നിവയായിരുന്നു ആദ്യത്തെ വകുപ്പുകള്‍. എന്നാല്‍ കഴിഞ്ഞയാഴ്ച ഭാരതീയ ന്യായ സംഹിതയുടെ 152ാം സെക്ഷന്‍ ഇതിലേക്ക് ചേര്‍ക്കുകയായിരുന്നു. ഇത് പ്രകാരം രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തുന്നെന്ന് കേസാണ് സുബൈറിനെതിരെയുള്ളത്.
കേസ് പ്രകാരം സുബൈറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരമുണ്ട് എന്നാല്‍ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈറിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചുകഴിഞ്ഞു. താന്‍ മാത്രമല്ല പുരോഹിതന്റെ വീഡിയോ പങ്കുവെച്ചത്. മറ്റ് ചാനലുകളും മാധ്യമപ്രവര്‍ത്തകരും ഇത് പങ്കുവെച്ചിട്ടുണ്ടെന്നും സുബൈര്‍ സംഭവത്തില്‍ പ്രതികരിച്ചു. തുടര്‍ച്ചയായി വിദ്വേഷ പ്രസംഗം നടത്തുന്ന ഒരാളുടെ അനുയായി നല്‍കിയ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെയല്ല അത് വാര്‍ത്തയാക്കുന്നവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ സ്വതന്ത്രമായി നടക്കുകയാണെന്നും സുബൈര്‍ കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റിനെതിരെ സംസാരിക്കുന്നവരുടെ കഴുത്തിന് പിടിക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സുബൈറിന്റെ വാര്‍ത്തകള്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ളതിനാലാണ് സുബൈറിനെതിരെ നടപടി സ്വീകരിക്കുന്നതെന്നാണ് ആള്‍ട്ട് ന്വൂസിന്റെ സഹ സ്ഥാപകനായ പ്രാഥിക് സിന്‍ഹ പറഞ്ഞത്. വാര്‍ത്തയ്ക്ക് പകരം ദൂതനെ വെടിവെക്കുന്ന ഏര്‍പ്പാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് ആദ്യ കേസ് ചുമത്തിയതിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇത്തരമൊരു ഗുരുതരമായ വകുപ്പ് ചുമത്തുന്നതെന്നും, നരസിംഹാനന്ദിന്റെ അനുയായികള്‍ മാത്രമല്ല ബിജെപി സര്‍ക്കാരും സുബൈറിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും സിന്‍ഹ പറഞ്ഞു.
1983 ല്‍ റിലീസായി ഹിന്ദി സിനിമയിലെ സ്‌ക്രീന്‍ഷോട്ട് 2018ല്‍ ഷെയര്‍ ചെയ്തതിന് ‘മതവികാരം വ്രണപ്പെടുത്തുന്നു’ എന്ന അവകാശപ്പെട്ട് 2022 ല്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുപ്രിംകോടതി ജാമ്യം അനുവദിക്കുന്നത് വരെ തടവിലായിരുന്ന കാലയളവില്‍ ആറ് കേസുകളാണ് അദ്ദേഹത്തിനെതിരെ പൊലീസ് ചുമത്തിയത്.
കൊളോണില്‍ കാലത്തെ രാജ്യദ്രോഹ നിയമത്തിന്റെ പുതിയ പതിപ്പാണ് സെക്ഷന്‍ 152 എന്ന് സംഭവത്തില്‍ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക സംഘടനകളും വിഷയത്തില്‍ വിമര്‍ശനമുന്നയിച്ച് രംഗത്തുവന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും, ആക്ടിവിസ്റ്റുകളുടെയും, മാധ്യമപ്രവര്‍ത്തകരുടെയും സമൂഹത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുന്നവരുടെയും ആവിഷ്‌ക്കാര സ്വാതന്ത്രത്തെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ഭരണകൂടം നിയമം ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ആംനെസ്റ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രതികരിച്ചു. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, ഡിജിറ്റല്‍ മീഡിയ ഓര്‍ഗനൈസേഷന്‍ സംഘടനയായ ഡിജിപബ്ബ് എന്നിവരും കേസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു.
india
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം
കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.
ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.
ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.
india
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.
പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
india
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.
ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.
അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.
വോട്ടെടുപ്പിനുശേഷം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്‍ വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.
-
GULF5 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories18 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

