ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ് എന്ന സിനിമയില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജും അഭിനയിക്കുന്നു. രാഷ്ടീയക്കാരനായിത്തന്നെയാണ് പി.സി, ചിത്രത്തില്‍ അഭിനയിക്കുന്നത്. യുവതാരം ആദില്‍ അവതരിപ്പിക്കുന്ന എബി എന്ന കഥാപാത്രം ചിത്രത്തില്‍ പി.സിയുടെ അരുമ ശിഷ്യനാണ്. സിനിമാ വാരികയായ നാനയില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ:

‘വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവും ഈരാറ്റുപേട്ട എം.എല്‍.എ.യും ഒക്കെയായ പി.സി. ജോര്‍ജ്ജിന്റെ അരുമശിഷ്യനാണ് എബി. ഒരു യൂത്ത് ഐക്കണാണ് എബി. ഒരു യുവതുര്‍ക്കി. പി.സി. ജോര്‍ജ്ജ് തന്റെ നേതാവായി മുന്നിലുണ്ടെന്നുള്ള ഒരു ധൈര്യം എബിക്കുണ്ട്.’

റോയി തോട്ടത്തില്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ഉണ്ണിമുകുന്ദനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. സേതുവാണ് ചിത്രത്തിന് വേണ്ടി കഥയൊരുക്കുന്നത്. ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് അച്ചായന്‍സ്.