കെയ്‌റോ: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ, യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പശ്ചിമേഷ്യന്‍ പര്യടനം തുടങ്ങി. ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ശേഷം പശ്ചിമേഷ്യയിലെത്തുന്ന ആദ്യ യു.എസ് രാഷ്ട്രീയ പ്രമുഖനാണ് പെന്‍സ്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലെത്തിയ അദ്ദേഹം പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അറബ് നേതാക്കള്‍ സന്ദര്‍ശനത്തെ ബഹിഷ്‌കരിച്ചിരിക്കുകയാണ്.

ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുമായി പെന്‍സ് കൂടിക്കാഴ്ച നടത്തുമെങ്കിലും അറബ് നേതാക്കള്‍ അദ്ദേഹത്തെ കാണില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫലസ്തീന്‍ നേതാക്കളും പെന്‍സിനെ കാണാന്‍ വിസമ്മതിച്ചിരിക്കുകയാണ്. ഫലസ്തീന്‍ ജനതയെ നിന്ദിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നവരുമായി കൂടിക്കാഴ്ചക്ക് നില്‍ക്കേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. ഈജിപ്തിലെ മുസ്്‌ലിം, കോപ്റ്റിക് ക്രിസ്ത്യന്‍ നേതാക്കളും അദ്ദേഹത്തെ കാണില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കക്കും ഈജിപ്തിനുമിടയിലെ ഉഭയകക്ഷി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. കെയ്‌റോയിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം പെന്‍സ് ജോര്‍ദാനിലേക്കും ഇസ്രാഈലിലേക്കും തിരിക്കും. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവുമായി അദ്ദേഹം ചര്‍ച്ച നടത്തും.

ഇസ്രാഈല്‍ പാര്‍ലമെന്റിനേയും അദ്ദേഹം അഭിസംബോധന ചെയ്യും. ഡിസംബറില്‍ നിശ്ചയിച്ചിരുന്ന പശ്ചിമേഷ്യന്‍ നികുതി പരിഷ്‌കരണം സംബന്ധിച്ച യു.എസ് കോണ്‍ഗ്രസ് വോട്ടിങിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.