സിഡ്‌നി: അന്താരാഷ്ട്ര നിയമങ്ങളെ ധിക്കരിച്ച് ഓസ്‌ട്രേലിയ പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചു. എന്നാല്‍ സമാധാന കരാറുണ്ടാകുന്നതുവരെ ടെല്‍അവീവില്‍നിന്ന് എംബസി മാറ്റില്ല. ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കിഴക്കന്‍ ജറൂസലമിനെയും അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. അമേരിക്കയുടെ പാത പിന്തുടര്‍ന്ന്് ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച ചുരുക്കങ്ങളില്‍ ഒന്നാണ് ഓസ്‌ട്രേലിയ.
ശനിയാഴ്ച സിഡ്‌നിയിലാണ് മോറിസണ്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഫലസ്തീന്‍ ജനതയെ നിരാശയിലാഴ്ത്തി പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന് മോറിസണ്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയുടെ പരമ്പരാഗത വിദേശകാര്യ നയം അട്ടിമറിച്ച് മോറിസണ്‍ നടത്തുന്ന പുതിയ നീക്കങ്ങള്‍ അയല്‍രാജ്യമായ ഇന്തോനേഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്.