സി.പി.എമ്മിന്റെ പത്തനംതിട്ട പെരിങ്ങര ലോക്കല്‍കമ്മിറ്റിസെക്രട്ടറി പി.ബി സന്ദീപ് കൊലചെയ്യപ്പെട്ടതിന്റെ ഞെട്ടലിലായിരുന്നു ഇന്നലെ കേരളം. വ്യാഴംരാത്രി എട്ടുമണിയോടെ ആര്‍.എസ്.എസ് സംഘം ഓട്ടോയിലെത്തി മുന്‍ഗ്രാമപഞ്ചായത്തംഗംകൂടിയായ സന്ദീപിനെ വകവരുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സി.പി.എം പറയുന്നത്. ഏതാനും ദിവസംമുമ്പ്് പാലക്കാട്ട് ആര്‍.എസ്.എസ്പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ടതിലും കേരളത്തിലെ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന സി.പി.എമ്മിന്റെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തന്നെയാണ് ഒന്നാമതായി മറുപടിപറയേണ്ട ബാധ്യത. എന്തിന്റെ പേരിലായാലും രണ്ടുസംഭവങ്ങളും മനുഷ്യത്വഹീനവും അത്യന്തം അപലപനീയവുമാണ്. എടുക്കുന്നതുപോലെ തിരിച്ചുനല്‍കാനാവുന്നതല്ല ജീവന്‍. മനുഷ്യജീവന്‍ കളഞ്ഞിട്ടുവേണ്ട പ്രത്യയശാസ്ത്രപ്രചാരണം നടത്താനിന്നാര്‍ക്കും. കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങളിലും അക്രമങ്ങളിലും ഒരുഭാഗത്ത് സി.പി.എമ്മും മറുഭാഗത്ത് ആര്‍.എസ്.എസ്സുമാണെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. പക്ഷേ ജനങ്ങള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനായി ഇരുകൂട്ടരും പരസ്പരം പച്ചക്കള്ളം തട്ടിവിടുകയാണ് ചെയ്യാറ്. അതിലൊന്നാണ് കാസര്‍കോട് ജില്ലയിലെ പെരിയക്കടുത്ത് കല്യാട്ട് 2019 ഫെബ്രുവരിയില്‍ യൂത്ത്‌കോണ്‍ഗ്രസ്പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും നടുറോഡിലിട്ട് അതിദാരുണമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ സംഭവവും കേസ് തേച്ചുമായ്ച്ചുകളയാന്‍ ഭരണകൂടത്തെ സി.പി.എം നേതാക്കള്‍ ഹീനമായി ദുരുപയോഗിച്ചതും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിന്റെയും നിരന്തര ഇടപെടലിനെതുടര്‍ന്ന് സുപ്രീംകോടതി കേസ് സി.ബി.ഐക്ക് കൈമാറിയശേഷം ഇപ്പോള്‍ അറസ്റ്റുചെയ്യപ്പെട്ടവരില്‍ എല്ലാവരും സി.പി.എമ്മുകാരോ അവരുമായി ബന്ധപ്പെട്ടവരോ ആണ്. സകലവിധസര്‍ക്കാര്‍ സംവിധാനവും പൊതുപണവും ഉപയോഗിച്ച് മാര്‍ക്‌സിസ്റ്റുകാരെ രക്ഷിക്കാന്‍ ശ്രമിച്ച സി.പി.എം നേതൃത്വത്തിന്റെ നിരപരാധിത്വത്തിന്റെ മുഖംമൂടി കീറിയെറിയപ്പെട്ടിരിക്കുകയാണിവിടെ. നീതിപീഠം ജാഗ്രവത്തായതിനാല്‍ മാത്രമാണ് രണ്ട് ഇളംചെറുപ്പക്കാരുടെ കുടുംബത്തിനും നാടിനും നീതി ലഭ്യമാവാന്‍ പോകുന്നത്.

ഉദുമ മുന്‍സി.പി.എം എം.എല്‍.എ കെ.വി കുഞ്ഞിരാമനുള്‍പ്പെടെ 24 പേരെയാണ് സി.ബി.ഐ പ്രതിചേര്‍ത്തിരിക്കുന്നത്. ആദ്യദിവസം 10 പേരുടെയും വ്യാഴാഴ്ച 14 പേരുടെയും പ്രതിപ്പട്ടികയാണ് കൊച്ചിയിലെ സി.ബി.ഐ പ്രത്യേകകോടതിയില്‍ അന്വേഷണസംഘം ഹാജരാക്കിയിരിക്കുന്നത്. കുഞ്ഞിരാമനെതിരായ പരാതി അയാള്‍ കൊലക്കേസിലെ രണ്ടാംപ്രതിയായി ലോക്കല്‍പൊലീസ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചുവെന്നതാണ്. ഇയാളെകൂടാതെ സി.പി.എമ്മിന്റെ ബ്രാഞ്ച്‌സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. കാസര്‍കോട് ജില്ലാസെക്രട്ടറിയേറ്റംഗം കൂടിയായ കുഞ്ഞിരാമന്‍ പ്രതിയാകുമ്പോള്‍ ഇതുവരെയും സി.പി.എം സര്‍ക്കാര്‍ സംവിധാനത്തിന്റെ ഒത്താശയോടെ ചെയ്തുവന്ന നെറികേടുകളെല്ലാമാണ് ഒറ്റയടിക്ക് അനാവൃതമാക്കപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കാലങ്ങളായി സി.പി.എമ്മിന്റെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നവരിലേക്കാണ് സി.ബി.ഐസംഘം വിരല്‍ചൂണ്ടിയിരിക്കുന്നത്. കേസില്‍നിന്ന് സി.പി.എമ്മുകാരെ രക്ഷിക്കാനായി ഇടതുമുന്നണിസര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് സാധാരണക്കാരുടെ നികുതിപ്പണത്തില്‍ നിന്നെടുത്ത് സുപ്രീംകോടതിവരെ പോയത്. മാത്രമല്ല, തിരഞ്ഞെടുപ്പുകാലത്തും ഇപ്പോള്‍പോലും പാര്‍ട്ടിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന ്പറഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളത്തിലിന്നുവരെ ഏതെങ്കിലും രാഷ്ട്രീയകൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഇവരിന്നുവരെ സമ്മതിച്ചിട്ടുണ്ടോ എന്നതുമതി ഈ വാദങ്ങളുടെയും നിരര്‍ത്ഥകത ബോധ്യമാവാന്‍.

സി.പി.എമ്മിന്റെ ചോരക്കൊതികൊണ്ട് എത്രയെത്ര വിലപ്പെട്ടജീവനുകളാണ് ഇതുവരെ കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍കോട് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍, പൊലിഞ്ഞത്. വടകര ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്‍ മുതല്‍ കണ്ണൂരിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍, ടി.പി ഷുഹൈബ്, ഫസല്‍ തുടങ്ങി എത്രയെത്ര കൊലപാതകക്കേസുകളിലാണ് സി.പി.എം നേതൃത്വത്തിന്റെ പങ്ക് വെളിപ്പെട്ടത്. പെരിയക്കുപുറമെ രണ്ടുകേസുകളില്‍കൂടി സി.ബി.ഐ അന്വേഷണം നടന്നുവരികയാണ്. ടി.പികേസില്‍ പാര്‍ട്ടി ഏരിയാകമ്മിറ്റിയംഗം മുതല്‍ ശിക്ഷ അനുഭവിച്ചിട്ടും അവരെ തള്ളിപ്പറയാന്‍ സി.പി.എം കൂട്ടാക്കിയില്ല. ഏരിയാസെക്രട്ടറി പീതാംബരനെ സസ്‌പെന്റ് ചെയ്തതാകട്ടെ മറ്റൊരുകാരണം പറഞ്ഞായിരുന്നു. അധികാരം പൗരന്മാര്‍ക്ക് സേവനം ചെയ്യാനും ഖജനാവിലെ പണം പാവപ്പെട്ടവരുടെ വിശപ്പകറ്റാനാണെന്നും ഭിന്നാഭിപ്രായം പറയുന്നവരെ കൊന്നുതള്ളാനല്ലെന്നുമുള്ള ബോധ്യം ഇനിയെങ്കിലും സി.പി.എംനേതൃത്വം നേതാക്കള്‍ക്കും അണികള്‍ക്കും നല്‍കണം. പെരിയ കേസില്‍ പിണറായി വിജയനും പാര്‍ട്ടിസെക്രട്ടറിയുമടക്കം പറഞ്ഞ കളവുകളെല്ലാം കയ്യോടെ പിടിക്കപ്പെട്ടതോടെ ഖജനാവില്‍ നിന്നെടുത്ത പണം തിരിച്ചടയ്ക്കുകയും തെറ്റ് ഏറ്റുപറയുകയുമാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ ഒരുഭാഗത്ത് പെരിയയും മറുവശത്ത് പെരിങ്ങരയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും; വോട്ടധികാരത്തിന്റെ തിണ്ണബലത്തില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നത് തുടരും. സത്യംപുറത്തുവരുമ്പോള്‍ ഇതുപോലെ ഇളിഭ്യരാകുകയും ചെയ്യും.