ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ക്ക് പുതിയ സമയ ക്രമം നിശ്ചയിച്ച് പമ്പുടമകള്‍ രംഗത്ത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ആറു വരെയായിരിക്കും പ്രവര്‍ത്തിക്കുക. അതേസമയം ഞായറാഴ്ച പമ്പുകള്‍ പൂര്‍ണമായും അടച്ചിടും. പമ്പുടമകളുടെ സംഘടനയായ ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യത്തിന്റേതാണ് തീരുമാനം. പുതുക്കിയ സമയക്രമം മെയ് 14 മുതല്‍ പ്രാബല്യത്തില്‍ വരും. എണ്ണ കമ്പനികളുടെ നിഷേധാത്മക നിലപാടിനെതിരെയും പമ്പ് നടത്തിപ്പിന്റെ ചെലവ് കുറക്കുന്നതിനുമാണ് പുതിയ സമയക്രമീകരണമെന്നാണ് പമ്പുടമകള്‍ പറയുന്നത്. ലാഭവിഹിതം വര്‍ധിപ്പിക്കണമെന്ന് പമ്പുടമകള്‍ നേരത്തെ നിരന്തരമായി ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിക്കാന്‍ പമ്പുടമകള്‍ തയാറായില്ല.

petrol-pumps
പെട്രോള്‍ മന്ത്രാലയം നിയമിച്ച അപൂര്‍വ്വ ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ കിലോ ലിറ്ററിന് 3,333 രൂപയും ഡീസല്‍ കിലോ ലിറ്ററിന് 2126 രൂപയും പമ്പുടമകള്‍ക്ക് നല്‍കണം. എന്നാല്‍ ഇതുവരെയും എണ്ണ കമ്പനികള്‍ ഇത് നല്‍കിയിട്ടില്ലെന്ന് കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ പറഞ്ഞു. നിലവില്‍ പെട്രോളിന് 2570 രൂപയും ഡീസലിന് 1620 രൂപയുമാണ് പമ്പുടമകള്‍ക്ക് നല്‍കി വരുന്നത്. ദക്ഷിണേന്ത്യയില്‍ മാത്രം 25000 പമ്പുകളാണ് കണ്‍സോര്‍ഷ്യത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.