കോഴിക്കോട് : ജോലിക്ക് വേണ്ടി സമരം ചെയ്യുന്ന യുവാക്കള്‍ക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പിന്‍വാതില്‍ നിയമനത്തിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം സെക്രട്ടറിന് മുമ്പില്‍ നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പത്ത് ദിവസമായി കോഴിക്കോട് കലക്ട്രേറ്റിന് മുമ്പില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തി വന്ന അനിശ്ചിത കാല സമരത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഹന സമരം നിര്‍ത്തി വെച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച വിഷയം ജനകീയ കോടതിയില്‍ ജനങ്ങള്‍ വിചാരണ ചെയ്യും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയാകാമെന്ന മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ ഭയന്നിട്ടാണ് മുഖ്യമന്ത്രിയുടെ പുതിയ നിലപാട്. ഉദ്യോഗാര്‍ത്ഥികളുടെ വിഷയത്തില്‍ സര്‍ക്കാറിന് ആത്മാര്‍ത്ഥതയില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരായ സര്‍ക്കാറിന്റെ നിലപാട് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുത്താവുമുണ്ടാവുക. ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ക്ക് കഴിയാവുന്ന വേദികളിലൂടെ ഇടപെടും. പത്ത് ദിവസം നീണ്ടു നിന്ന സഹനസമരത്തിന് പിന്തുണ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം. എ സമദ്, സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെബ്രുവരി 17ന് ആണ് കോഴിക്കോട്ട് കലക്്ടറേറ്റിന് മുമ്പില്‍ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി അനിശ്ചിതകാല സഹന സമരം ആരംഭിച്ചത്. പത്ത് ദിവസം പിന്നിട്ട സമരം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിര്‍ത്തിവെച്ചത്.
ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് സമരം ഇതിനകം പ്രഖ്യാപിച്ചിരുന്നു. ജോലിക്ക് വേണ്ടി സമരം നടത്തുന്നവരെ അപമാനിക്കുകയും അവരെ കുറിച്ച് അപവാദം പറഞ്ഞു പരത്തുകയുമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സമര വേദി കുറ്റപ്പെടുത്തി. ഇന്നലത്തെ സമരത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ല പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, കെ. എം. എ റഷീദ്, സി. ജാഫര്‍ സാദിഖ്, എ. ഷിജിത് ഖാന്‍, ടി.പി.എം.ജിഷാന്‍, എ. കെ ഷൗക്കത്തലി, ഷഫീഖ് അരക്കിണര്‍, മന്‍സൂര്‍ മാങ്കാവ് സംബന്ധിച്ചു.