തിരുവനന്തപുരം: അഴിമതിയെ മറയ്ക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നത് ആരുടെ അടവാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഈ അടവ് പുറത്തെടുത്തവരാണ് അതില്‍ നിന്ന് പിന്‍മാറേണ്ടത്. ഇത്തരം അടവുകള്‍ എടുക്കാതെ അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിശുദ്ധ ഗ്രന്ഥം നേരായ മാര്‍ഗത്തില്‍ കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

നയതന്ത്ര ചാനല്‍ ഉപയോഗിച്ച് ആരോപണ വിധേയരായ വ്യക്തികള്‍ പല സാധനങ്ങളും കൊണ്ടുവന്നതിനെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇപ്പോഴത്തെ ആരോപണം ഈന്തപ്പഴം കൊണ്ടുവന്നതിനേക്കുറിച്ചാണ്. അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോ എന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്നും അന്വേഷണം നടത്തുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതല്‍ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥമായാലും ഈന്തപ്പഴമായാലും നേരായ വഴിയില്‍ കൊണ്ടുവരുന്നതില്‍ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.