X

മലപ്പുറം അലിഗഢ് കാമ്പസിനോടുള്ള വിവേചനം അവസാനിപ്പിക്കണം; ലോക്‌സഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടി


ന്യൂഡല്‍ഹി: മലപ്പുറം പെരിന്തല്‍മണ്ണയിലെ അലിഗഢ് സര്‍വകലാശാലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കാമ്പസിന്റെ അടിസ്ഥാന വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അലിഗഢ് ക്യാമ്പസിന്റെ വികസനത്തിന് ആവശ്യമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയിട്ടും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഫണ്ട് ലഭിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി സഭയില്‍ വ്യക്തമാക്കി.

ഇതേ സംബന്ധിച്ച കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക് കുറിപ്പ്:
യു.പി.എ സര്‍ക്കാരിന്റെ കാലത്തു, ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമായതാണ് പെരിന്തല്‍മണ്ണയിലെ അലീഗഢ് സര്‍വകലാശാല ഓഫ് കാമ്പസ്. നിലവില്‍ മൂന്നു വകുപ്പുകളിലായി 390 കുട്ടികള്‍ പഠനം നടത്തുന്ന കാമ്പസ് ഫണ്ടിന്റെ അപര്യാപ്തത മൂലം പ്രതിസന്ധിയിലാണ്. 2010ല്‍ സ്ഥാപനം സ്ഥാപിതമാവുമ്പോള്‍ 1200 കോടിയാണ് കേന്ദ്രം അനുവദിച്ചത്. എന്നാല്‍ ഇത്രയും കാലമായി വെറും 60 കോടി മാത്രമാണ് കേന്ദ്രം നല്‍കിയത്. അലിഗഢ് കാമ്പസിന്റെ മുഴുവന്‍ വികസനത്തിനും ഇപ്പോള്‍ കേന്ദ്രം എതിര് നില്‍ക്കുകയാണ്. ഗുരുതരമായ അവഗണനയാണ് ഓഫ് കാമ്പസിനോട് കേന്ദ്രം കാണിക്കുന്നത്. ചുരുങ്ങിയ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് കൃത്യമായി വേതനം നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയില്‍ കേന്ദ്രം അനുവദിച്ച തുക കാമ്പസിന്റെ അടിസ്ഥാന വികസനത്തിന് ഉപകരിക്കും പ്രകാരം ലഭ്യമാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.

web desk 1: