കേന്ദ്ര കേരള സര്‍ക്കാറുകള്‍ മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ഭൂഷണമല്ല ഈ നിലപാടുകളെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 54-മത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്.

സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ മാത്രമല്ല ജനങ്ങള്‍ക്ക് അറിയേണ്ടത്. തീരുമാനങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്ക് തോന്നുന്നത് മാത്രം ജനങ്ങള്‍ അറിഞ്ഞാല്‍മതിയെന്ന നിലപാട് ജനാധിപത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് മാധ്യമങ്ങളെ കാണാന്‍ ഭയമാണ്. പ്രധാനമന്ത്രിക്ക് അങ്ങനെ ഒരു പതിവില്ല.

സര്‍ക്കാറിനേയും ഫാസിസ്റ്റുകളേയും എതിര്‍ക്കുന്ന മാധ്യമ സ്ഥാപനങ്ങളേയും പ്രവര്‍ത്തകരേയും ശത്രുക്കളായി കണ്ട് അവര്‍ക്കെതിരെ തിരിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ക്ക് എവിടേയും കയറി ചെല്ലാനും വാര്‍ത്തകള്‍ ശേഖരിക്കാനും അവകാശമുണ്ട്. കടക്കൂപുറത്തെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ ആട്ടിയിറക്കാന്‍ മുഖ്യമന്ത്രിക്ക് ഒരവകാശവുമില്ല. കോടതി വളപ്പുകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം.

പ്രതിപക്ഷം സര്‍ക്കാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ രാജ്യത്തെ അത് പിറകോട്ടടിപ്പിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പുതുതായി സ്ഥാനം ഏറ്റെടുത്ത യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, പിഎംഗഫൂര്‍, സുരേഷ് എടപ്പാള്‍ പ്രസംഗിച്ചു.

സമ്മേളനം വന്‍വിജയമായതില്‍ ചാരിതാര്‍ത്ഥ്യം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറത്ത് നടന്ന 54-മത് പത്രപ്രവര്‍ത്തക യൂണിയന്‍ ദ്വിദിന സംസ്ഥാന സമ്മേളനം വന്‍വിജയമായതില്‍ സന്തോഷിക്കുന്നതായി സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. ആതിഥ്യ മര്യാദകൊണ്ടും സംഘാടന മികവ് കൊണ്ടും മലപ്പുറത്തെ പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് മികച്ച സമ്മേളനമാണ് ഒരുക്കിയത്. സമ്മേളനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. അഭിഭാഷകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളേയും കൂട്ടിയോജിപ്പിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു. സമ്മേളനത്തിന്റെ തുടക്കം മുതല്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ ഗൗരി ലങ്കേഷ് നഗറിലെത്തിയിരുന്നു. സമ്മേളനം വിജയിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി എം.പി നടത്തിയ ഇടപെടലുകളെ സംഘാടക സമിതി അഭിനന്ദിച്ചു.

 
മാധ്യമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കമാല്‍ വരദൂര്‍

മാധ്യമ മേഖലയില്‍ ഇന്ന് നേരിടുന്ന തൊഴില്‍ അരക്ഷിതാവസ്ഥക്ക് പരിഹാരമുണ്ടാക്കാന്‍ എല്ലാവരുടെയും കൂട്ടായ യത്‌നം വേണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന 54-മത് സംസ്ഥാന സമ്മേളനത്തില്‍ സംഘടനയുടെ അധ്യക്ഷ പദവി ഏറ്റെടുത്ത് സംസാരിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റങ്ങളും അതിക്രമങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഗൗരിലങ്കേഷ് വധം രാജ്യത്തെ ഞെട്ടിച്ച ഒന്നാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഭരണകൂടം ഉറപ്പാക്കണം. ജനാധിപത്യത്തിന്റെ കാവലാളുകളായ മാധ്യമ പ്രവര്‍ത്തകര്‍ ജീവന്‍ പണയപ്പെടുത്തിയാണ് ഇന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വസ്തുതകള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ ആക്രമിച്ച് തളര്‍ത്തുക എന്ന ശൈലി അപകടകരമാണ്. ഇത് അനുവദിക്കില്ല. രാജ്യത്ത് നൂറുകണക്കിനു അക്രമങ്ങളാണ് അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമമേഖലയുടെ പങ്ക് വലുതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി സംരക്ഷണം ഉറപ്പ് വരുത്താന്‍ ആവശ്യമായ നിയമ നിര്‍മാണം സര്‍ക്കാര്‍ നടത്തണം. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റേതുള്‍പെടെ കൂട്ടായ ശ്രമം വേണമെന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കമാല്‍ പറഞ്ഞു.