തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി കണ്ണൂര്‍ എംപി പികെ ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ നിയമിച്ചു. സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. വ്യവസായമന്ത്രി ഇപി ജയരാജന്റെ ബന്ധു കൂടിയാണ് സുധീര്‍ നമ്പ്യാര്‍. ഇപി ജയരാജന്റെ ഭാര്യാസഹോദരിയാണ് എംപി പികെ ശ്രീമതി.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, പാലക്കാട് എന്നിവിടിങ്ങളില്‍ കെഎസ്‌ഐഇ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നതും കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും കെഎസ്‌ഐഇയ്ക്കാണ്.

2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് കോടി രൂപ ലാഭത്തിലായിരുന്ന സ്ഥാപനം 2014-15ല്‍ നാലരക്കോടിയുടെ നഷ്ടം രേഖപ്പെടുത്തി. 2015-16 വര്‍ഷത്തില്‍ പക്ഷേ പതിനേഴര ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ ലാഭം.