തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നം ഒത്തുതീര്‍പ്പാകേണ്ട സാഹചര്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോയത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നിയമസഭാ മീഡിയാ റൂമില്‍ പ്രതിപക്ഷനേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജുമെന്റു പ്രതിനിധികള്‍ ഫീസ് കുറക്കാമെന്ന് സമ്മതിച്ചിരുന്നു. അങ്ങനെ മാനേജുമെന്റുകള്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. മാനേജുമെന്റുകള്‍ മുന്നോട്ടുവെച്ച ധാരണ ദുരഭിമാനത്തെക്കരുതി സര്‍ക്കാര്‍ അംഗീകരിക്കാത്തതിന്റെ നഷ്ടം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ്. പൊതുവായ പ്രശ്‌നമെന്ന രീതിയില്‍ പ്രതിപക്ഷം ഈ വിഷയവുമായി മുന്നോട്ടു പോകുമ്പോള്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കേണ്ടിയിരുന്നു.

പ്രതിപക്ഷത്തിന്റേത് ന്യായമായ പ്രക്ഷോഭമാണെന്ന് ജനങ്ങളും അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാനേജുമെന്റുകള്‍ തങ്ങളെ അറിയിച്ച ധാരണയില്‍ നിന്ന് മാറിയിട്ടുണ്ടെങ്കില്‍ അത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫീസ് വര്‍ധന ഒഴിവാക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ നിലപാടിന് യാതൊരു ന്യായീകരണവുമില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു. മാനേജുമെന്റുകള്‍ ഫീസ് കുറക്കാന്‍ തയാറായിട്ടും ദുരഭിമാനത്തെ ചൊല്ലി അത് സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിന് വില കൊടുക്കേണ്ടി വന്നത് വിദ്യാര്‍ത്ഥികളാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് അനൂപ് ജേക്കബ് പറഞ്ഞു. ഇത്തരത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് നിരന്തരം നിഷേധനിലപാട് സ്വീകരിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. യു.ഡി.എഫ് നടത്തിയ സമരത്തിലൂടെ സര്‍ക്കാറിന്റെ പൊള്ളത്തരമാണ് വെളിവായതെന്നും സമരവുമായി മുന്നോട്ടു പോകുമെന്നും അനൂപ് പറഞ്ഞു.