kerala

കേരള കലാമണ്ഡലത്തിലെ അധ്യാപകനെതിരെ പോക്‌സോ കേസ്; പ്രതി ഒളിവില്‍

By webdesk18

November 12, 2025

തൃശൂര്‍: കേരള കലാമണ്ഡലത്തിലെ കൂടിയാട്ടം അധ്യാപകന്‍ കനകകുമാറിനെതിരെ പോക്‌സോ കേസ്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് ചെറുതുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദേശമംഗലം സ്വദേശിയായ കനകകുമാറിനെതിരെ രണ്ട് കേസുകള്‍ ആണ് എടുത്തിരിക്കുന്നത്. അധ്യാപകന്‍ മദ്യപിച്ച് ക്ലാസ് മുറിയിലേക്കെത്തി അശ്ലീല പരമാര്‍ശങ്ങല്‍ നടത്തിയതായും ശരീരഭാഗങ്ങള്‍ സ്പര്‍ശിച്ചുവെന്നും ബോഡി ഷെയ്മിങ് നടത്തിയതായുമാണ് ആരോപണം.

സര്‍വകലാശാല അധികൃതര്‍ പരാതി ചെറുതുരുത്തി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കേസിനെക്കുറിച്ച് കുന്നംകുളം എസിപി സന്തോഷ് അറിയിച്ചു. വിദ്യാര്‍ത്ഥിനികളുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് രണ്ട് കേസും എടുത്തിട്ടുള്ളത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കനകകുമാര്‍ ഒളിവില്‍ പോയതായും ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. വൈസ് ചാന്‍സലര്‍ ബി. അനന്തകൃഷ്ണന്‍ പറഞ്ഞു. അന്വേഷണത്തില്‍ പ്രാഥമികമായി ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാല്‍ കനകകുമാറിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.