ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി. പിന്ീട് പ്രതിയെ ഒരുദിവസത്തിന് ശേഷമാണ് യുപി പൊലീസ് പിടികൂടുന്നത്. പ്രതിയുമായി സ്റ്റേഷനിലേക്ക് പോവുകയായിരുന്ന പോലീസുകാര്‍ ഇന്ധനം നിറയ്ക്കാന്‍ വാഹനം പമ്പില്‍ നിര്‍ത്തിയപ്പോഴായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്.

പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുന്നതും പിന്നാലെ പോലീസുകാര്‍ ഓടുന്നതിന്റേയും ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍സ്റ്റബിളും ഹോം ഗാഡും ചേര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹീരാലാല്‍ എന്നയാള്‍ ഇറങ്ങിയോടിയത്.

ലഖിംപുര്‍ ഖേരിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയെന്നും കോണ്‍സ്റ്റബിളിനും ഹോം ഗാര്‍ഡിനുമെതിരെ നടപടി സ്വീകരിച്ചെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹീരാലാല്‍ രക്ഷപ്പെട്ടതിനു പിന്നാലെ ഇയാളെ പിടികൂടാന്‍ നിരവധി സംഘങ്ങളായി തിരിഞ്ഞാണ് പൊലീസുകാര്‍ അന്വേഷണം നടത്തിയതെന്നും ലഖിംപുര്‍ ഖേരി എഎസ്പി അരുണ്‍ കുമാര്‍ സിങ് പറഞ്ഞു. പ്രതി രക്ഷപ്പെടാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എഎസ്പി വ്യക്തമാക്കി.