ബഗ്ദാദ്: ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) നേതാവ് അബൂബകര്‍ അല്‍ ബഗ്ദാദിയെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമം. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് ബഗ്ദാദിയും മറ്റ് മൂന്ന് ഉന്നത കമാന്‍ഡര്‍മാരും ഗുരുതരാവസ്ഥയിലാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖില്‍ നിനവേയിലെ ഒളിത്താവളത്തില്‍ ബഗ്ദാദിക്കുവേണ്ടി പാചകം ചെയ്ത ഭക്ഷണത്തിലാണ് അജ്ഞാതന്‍ വിഷം കലര്‍ത്തിയത്.

ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് അവശരായ എല്ലാവരെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ബഗ്ദാദിക്കൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല. ഒരു ഇറാഖി വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ പുറത്തുവിട്ട വാര്‍ത്ത അമേരിക്കയോ സിറിയയോ സ്ഥിരീകരിച്ചിട്ടില്ല.

അല്‍ഖാഇദയില്‍നിന്ന് പിരിഞ്ഞ് ഐ.എസ് എന്ന ഭീകരസംഘടനക്ക് രൂപംനല്‍കിയ ബഗ്ദാദി അമേരിക്കന്‍ വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വാര്‍ത്ത സിറിയ നിഷേധിച്ചിട്ടുണ്ട്. ബഗ്ദാദിക്ക് ഗുരുതരമായി പരിക്കേല്‍ക്കുക മാത്രമാണുണ്ടായതെന്നായിരുന്നു സിറിയന്‍ അധികാരികളുടെ വിശദീകരണം. ഇറാഖിന്റെയും സിറിയയുടെയും ചില ഭാഗങ്ങള്‍ പിടിച്ചെടുത്ത് ഏകപക്ഷീമായി ഖിലാഫത്ത് പ്രഖ്യാപിച്ച ബഗ്ദാദിക്ക് ആരാണ് വിഷം നല്‍കിയതെന്ന് വ്യക്തമല്ല. ഇയാളെ പിടികൂടാന്‍ ഐ.എസ് ഊര്‍ജിത തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

അടുത്ത വൃത്തങ്ങള്‍ക്കു മാത്രമേ ബഗ്ദാദിയുടെ നീക്കങ്ങള്‍ അറിയൂ. വ്യോമാക്രണങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിന് ഇറാഖിലെയും സിറിയയിലെയും വ്യത്യസ്ത കേന്ദ്രങ്ങളിലേക്ക് അദ്ദേഹം നിരന്തരം മാറുകയാണ് പതിവ്.