തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ വിശദീകരണവുമായി പൊലീസ് അസോസിയേഷന്‍ രംഗത്ത്. ശ്രീജിത്തിന്റെ വികാരം മനസ്സിലാവുന്നു. മരണവുമായി ബന്ധപ്പെട്ടുള്ള വസ്തുത ആ കുടുബത്തേയും അതുപോലെ പൊതുസമൂഹത്തേയും ഉചിതമായതും സത്യസന്ധമായതുമായ ഒരു അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് പൊലീസ് അസോസിയേഷന്‍ പറഞ്ഞു. കെ.പി.ഒ.എ ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജുവാണ് ശ്രീജിവിന്റെ മരണത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു ശ്രീജിവിന്റെ ഇന്‍ക്വസ്റ്റ് നടത്തിയത്. മെഡിക്കല്‍ കോളേജിലെ ഒരു സംഘം ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ശ്രീജീവില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പ് ഫോറിന്‍സിക് പരിശോധനയും നടത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ പിന്തുണയേറുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പൊലീസിന് സ്വന്തം ഭാഗം വ്യക്തമാക്കാന്‍ കഴിയാത്ത പതിവ് നിസഹായവസ്ഥയാണുള്ളത്. ഉദ്യോഗസ്ഥര്‍ നിരപരാധികളാണെങ്കില്‍ അവരെ ക്രൂശിക്കരുത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ഈ സംഭവത്തെ ഇപ്പോള്‍ സജീവമായി ഉയര്‍ത്തിക്കൊണ്ട് വന്നതെന്തുകൊണ്ട് എന്ന ചോദ്യം സ്വാഭാവികമായും ഉയരുമ്പോള്‍ അതിലെ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍  ആഗ്രഹിക്കുന്നില്ലെന്നും അസോസിയേഷന്‍ പറയുന്നു.

അതേസമയം, ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയേറിവരികയാണ്. സിനിമാ താരങ്ങളുള്‍പ്പെടെ ശ്രീജിത്തിന് പിന്തുണയുമായി നിരവധിപേരാണ് സെക്രട്ടേറിയറ്റ് പടിക്കലെത്തുന്നത്.