തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിഗയെ കൊലപ്പെടുത്തിയത് കോവളം സ്വദേശിയായ പുരുഷ ലൈംഗിക തൊഴിലാളിയും സുഹൃത്തുക്കളായ നാലു പേരും ചേര്‍ന്നാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ലിഗക്കു നല്‍കിയതു പോലെ മയക്കുമരുന്ന് കലര്‍ന്ന സിഗരറ്റും മറ്റു ചില തെളിവുകളും കസ്റ്റഡിയിലായവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുവന്ന ബോട്ടിലും ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. മണിക്കൂറുകള്‍ നീണ്ട പരിശോധനക്കൊടുവില്‍ മരത്തില്‍ നിന്നും വള്ളിയില്‍ നിന്നും തലമുടി, ത്വക്കിന്റെ ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി. ഇവ ശാസ്ത്രീയ പരിശോധനക്കായി ഫോറന്‍സീക് ലാബിലേക്ക് കൊണ്ടുപോയി.

കണ്ടല്‍ക്കാട്ടിലേക്ക് ലിഗയെ എത്തിച്ചത് വാഴമുട്ടത്തിനു സമീപത്തെ കടവില്‍ നിന്നുള്ള ബോട്ടിലാണ്. എന്നാല്‍ കോവളം സ്വദേശിയുടെ നാലു സുഹൃത്തുക്കള്‍ പനത്തുറ ക്ഷേത്രത്തിനു സമീപത്തെ കല്യാണ മണ്ഡപത്തിനു സമീപത്തു കൂടിയാണെന്നും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. നിലവില്‍ പത്തു പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.