ന്യുഡല്‍ഹി: കേരളത്തില്‍ എസ്ഐആര്‍ നടപ്പാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അസമിനേയും മഹാരാഷ്ട്രയും ഒഴിവാക്കി കേരളത്തില്‍ എസ്ഐആര്‍ പ്രഖ്യാപിച്ചതിന് പിന്നില്‍ രാഷ്ട്രീയ അജണ്ഡയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇതൊരു സാഡിസ്റ്റ് മനോഭാവമാണെന്നും എല്ലാ തലത്തിലും എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പിഎംശ്രീയുമായി ബന്ധപ്പെട്ട ധാരണപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ സിപിഐ ഉയര്‍ത്തിയ പ്രതിഷേധത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. സിപിഐ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും യുഡിഎഫിലേക്ക് സിപിഐ വരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് കാത്തിരുന്ന് കാണാം എന്നും സണ്ണി ജോസഫ് മറുപടി നല്‍കി.