മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിജിയുടെ ചിത്രത്തിലേക്ക് പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെയെയും ഭര്‍ത്താവും ഹിന്ദു മഹാസഭ വക്താവുമായ അശോക് പാണ്ഡെയെയും ആദരിച്ച് ഹിന്ദു മഹാസഭ.

ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് ഭഗവത്ഗീതയുടെ പതിപ്പും ഒരു വാളും നല്‍കിയാണ് പൂജാ ശകുന്‍ പാണ്ഡെയെ ആദരിച്ചത്. ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശികിന്റെ നേതൃത്വത്തില്‍ 30 പേരെയാണ് സംഘടനയുടെ പ്രത്യേക ചടങ്ങില്‍ ആദരിച്ചത്.

ഹിന്ദു മഹാസഭ ദേശീയ ജന. സെക്രട്ടറിയായ പൂജാ ശകുന്‍ പാണ്ഡെ രാജ്യത്തെ ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജി കൂടിയാണ്.

‘അലിഗഡ് പൊലീസ് ജയിലിലടച്ച ഞങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും ഞങ്ങള്‍ക്ക്് ജാമ്യം കിട്ടാന്‍ സഹായിച്ച അഭിഭാഷകനെയും ഞങ്ങള്‍ ആദരിച്ചു’- അശോക് പാണ്ഡെ പറഞ്ഞു.

കഴിഞ്ഞ ജനുവരി 30നാണ് ഗാന്ധി ചിത്രത്തിലേക്ക് വെടിയുതിര്‍ത്ത് രക്തമൊഴുക്കി ഗാന്ധി വധം പുനരാവിഷ്‌കരിച്ചത്. ഇതേ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു.